കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലാം ബാപ്പു സംവിധാനം ചെയ്ത ചിത്രമാണ് റെഡ് വൈൻ. മികച്ച നിരൂപക പ്രശംസ നേടിയ ഈ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. ഇപ്പോഴിതാ ആ ചിത്രം സംഭവിച്ച കഥയും, അതിന്റെ പരാജയ കാരണവും വെളിപ്പെടുത്തുകയാണ് സംവിധായകൻ. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ തുറന്ന് പറയുന്നത്. തിരക്കഥ കേട്ട് ഇഷ്ട്ടപെട്ട മോഹൻലാൽ ഉടൻ ഡേറ്റ് തന്ന സിനിമയാണ് റെഡ് വൈൻ എന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഈ ചിത്രം അദ്ദേഹത്തെ മനസ്സിൽ കണ്ട് എഴുതിയത് അല്ലെന്നും, അത് കൊണ്ട് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു ചിത്രമാവില്ല ഇതെന്നും താൻ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു എന്നും സലാം ബാപ്പു ഓർത്തെടുക്കുന്നു. അദ്ദേഹത്തിന്റെ കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിൽ തിരക്കഥ മാറ്റി ചിത്രം ചെയ്യാമെന്ന് താൻ പറഞ്ഞുവെന്നും സലാം ബാപ്പു വെളിപ്പെടുത്തി.
അതിനു അദ്ദേഹം നൽകിയ മറുപടി ഈ സിനിമയാണ് താൻ ഓകെ പറഞ്ഞതെന്നും, ഈ സിനിമ ഇനി മാറ്റി വേറെ രീതിയില്‍ സ്‌ക്രിപ്റ്റിങ് ചെയ്യുകയാണെങ്കില്‍ അപ്പോള്‍ ആ തിരക്കഥ കേട്ട ശേഷമേ തനിക്ക് തീരുമാനം എടുക്കാൻ സാധിക്കു എന്നുമാണ്. ഈ പ്രമേയവും തിരക്കഥയും ആയത് കൊണ്ടാണ് താൻ ഓകെ പറഞ്ഞതെന്നും, താനല്ല, സിനിമയാണ് പ്രധാനമെന്നും മോഹൻലാൽ പറഞ്ഞെന്നും സലാം ബാപ്പു പറയുന്നു. തനിക്കു വേണ്ടി പാട്ടുകളോ ഫൈറ്റ് രംഗങ്ങളോ ഉള്‍പ്പെടുത്തേണ്ട സിനിമയല്ല ഇതെന്നും ഇത്തരം സിനിമകള്‍ കാണാന്‍ തനിക്ക് പോലും താല്പര്യമുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. അങ്ങനെയുള്ള മാസ്സ് രംഗങ്ങളോ, അത്പോലെ ഫഹദ് ഫാസിൽ- ആസിഫ് അലി എന്നിവരുമായുള്ള കോമ്പിനേഷൻ രംഗങ്ങളോ മോഹൻലാലിന് ഇല്ലാതെ പോയതാവും ഈ ചിത്രത്തിന്റെ പരാജയ കാരണമെന്നും സലാം ബാപ്പു പറഞ്ഞു.