മലയാള സിനിമയിലെ എന്ന് മാത്രമല്ല, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. ദേശീയ പുരസ്‍കാരമുൾപ്പെടെ നേടിയിട്ടുള്ള അദ്ദേഹം ഇപ്പോൾ നൂറിനടുത്തു ചിത്രങ്ങൾ ആണ് ഒരുക്കിയിട്ടുള്ളത്. ഇപ്പോഴും സജീവമായി തന്നെ ചിത്രങ്ങൾ ഒരുക്കുന്ന പ്രിയദർശൻ മലയാളം കൂടാതെ തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ബോളിവുഡിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ ഒരുക്കിയ രണ്ടാമത്തെ സംവിധായകൻ എന്ന റെക്കോർഡും പ്രിയദർശന് ആണ്. ഇപ്പോഴിതാ, സിനിമാ രംഗത്തിനു നൽകിയ സമഗ്ര സംഭാവനക്കു ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി അദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകി ആദരിച്ചിരിക്കുകയാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സൂപ്പർ ഹിറ്റാക്കിയ സംവിധായകൻ കൂടിയാണ് അദ്ദേഹം.
മൂന്നു ഇൻഡസ്ട്രി ഹിറ്റുകൾ നൽകിയ ഒരേയൊരു മലയാള സംവിധായകനും പ്രിയദർശൻ ആണ്. ചിത്രം, കിലുക്കം, ചന്ദ്രലേഖ എന്നിവയാണ് അദ്ദേഹം നൽകിയ ഇൻഡസ്ട്രി ഹിറ്റുകൾ. ഇത് കൂടാതെ ഒട്ടേറെ ബ്ലോക്ക്ബസ്റ്റർ, സൂപ്പർ ഹിറ്റ് ചിത്രങ്ങളും അദ്ദേഹം നമ്മുക്ക് നൽകി. മലയാളത്തിന്റെ മഹാനടൻ മോഹൻലാലുമൊത്താണ് അദ്ദേഹം ഏറ്റവും കൂടുതൽ ചിത്രങ്ങൾ ചെയ്തത്. ഇന്ത്യൻ സിനിമയിൽ തന്നെ ഇത്രയധികം ഹിറ്റുകൾ സമ്മാനിച്ച മറ്റൊരു നായക- സംവിധായക ജോഡിയും ഉണ്ടാവില്ല എന്നതാണ് സത്യം. രചയിതാവായും പ്രശംസ നേടിയിട്ടുള്ള പ്രിയദർശനന്റെ അവസാന റിലീസ് മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം ആയിരുന്നു. ഇനി ഉർവശി നായികാ വേഷം ചെയ്യുന്ന ഒരു തമിഴ് ചിത്രമാണ് പ്രിയദർശൻ ഒരുക്കി പുറത്തു വരാൻ ഉള്ളത്. അത് കൂടാതെ രണ്ടു ഹിന്ദി ചിത്രങ്ങളും ഒരു മലയാള ചിത്രവും അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തു വരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.