നവാഗതനായ ഫാന്റം പ്രവീൺ സംവിധാനം ചെയ്ത ഉദാഹരണം സുജാത എന്ന മഞ്ജു വാര്യർ ചിത്രം മലയാളി പ്രേക്ഷകർ ഹൃദത്തിലേറ്റി കഴിഞ്ഞു. ഗംഭീര പ്രേക്ഷകാഭിപ്രായത്തോടൊപ്പം ബോക്സ് ഓഫീസിലും ഈ ചിത്രം ഓരോ ദിവസവും കൂടുതൽ മെച്ചപ്പെട്ട പ്രകടനം ആണ് കാഴ്ച വെക്കുന്നത്. ആദ്യ ദിവസത്തേക്കാൾ കൂടുതൽ കളക്ഷൻ രണ്ടാം ദിവസവും രണ്ടാം ദിവസത്തേക്കാൾ കൂടുതൽ കളക്ഷൻ മൂന്നും നാലും ദിനങ്ങളിലും ലഭിച്ച ഈ ചിത്രം സൂപ്പർ ഹിറ്റിലേക്കാണ് കുതിക്കുന്നത് . ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും നടൻ ജോജു ജോര്ജും ചേർന്നാണ്.
മികച്ച അഭിപ്രായം മാത്രം ചിത്രത്തിന് വരുന്നത് കാണുമ്പോൾ ഏറെ സന്തോഷത്തിലാണ് സംവിധായകനായ ഫാന്റം പ്രവീൺ. ആദ്യ ചിത്രം വിജയമായതിന്റെ മാത്രമല്ല, എല്ലാത്തരം പ്രേക്ഷകരും ഈ ചിത്രത്തെ തങ്ങളുടെ മനസോടു ചേർക്കുന്നത് കാണുമ്പോൾ ഉള്ള സന്തോഷം.
ഉദാഹരണം സുജാതയുടെ വിജയത്തെ പറ്റി സംസാരിക്കുമ്പോൾ ഫാന്റം പ്രവീൺ എടുത്തു പറയുന്നത് ഒരു കാര്യമാണ്. മഞ്ജു വാര്യർ എന്ന നടി ഇല്ലായിരുന്നെങ്കിൽ ഉദാഹരണം സുജാത സംഭവിക്കില്ലായിരുന്നു എന്ന്. ഒരുപാട് അഭിനയ സാധ്യതകൾ ഉണ്ടായിരുന്ന ഒരു ‘അമ്മ വേഷം ആയിരുന്നു സുജാത എന്ന ചേരി നിവാസിയായ വിധവയുടേത്. അത് ഏറ്റവും മനോഹരമായി അഭിനയിച്ചു ഫലിപ്പിക്കാൻ ഇന്ന് മലയാള സിനിമയിൽ മഞ്ജു വാര്യർ മാത്രമേ ഉള്ളു എന്ന് പ്രവീൺ ഉറപ്പിച്ചു പറയുന്നു.
ഓരോ ചലനത്തിലും സുജാതയായി മാറിയ മഞ്ജു വാര്യരുടെ പ്രകടനത്തിന് കയ്യടികൾ മുഴങ്ങുകയാണ് തീയേറ്ററുകളിൽ. ഓരോ അമ്മമാർക്കും വേണ്ടിയുള്ളതാണ് ഈ ചിത്രം എന്ന് പ്രവീൺ പറയുന്നു. ദൈവത്തിന്റെ സമ്മാനം ആണ് അമ്മമാർ.
എ ബി സി ഡി , ചാർളി, മറിയം മുക്ക്, കൊച്ചൗവ്വ പാലൊ അയ്യപ്പ കൊയ്‌ലോ , സഖാവ് എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി ജോലി ചെയ്തിട്ടുള്ള പ്രവീൺ , സഖാവ് തീർന്നപ്പോൾ ആണ് സുജാതയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്.