തമിഴിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ആണ് ലിംഗുസ്വാമി. ആനന്ദം എന്ന മൾട്ടി സ്റ്റാർ ചിത്രത്തിലൂടെ ആണ് അദ്ദേഹം തന്റെ കരിയറിന് തുടക്കം ഇടുന്നതു. മമ്മൂട്ടി, അന്ന് തമിഴിൽ തിളങ്ങി നിന്ന അബ്ബാസ്, ശ്യാം ഗണേഷ് എന്നിവർ പ്രധാന വേഷങ്ങൾ ഈ ചിത്രം ബോക്സ് ഓഫീസിലും നേട്ടം ഉണ്ടാക്കിയ സിനിമയാണ്. ആദ്യ ദിനങ്ങളിൽ ചലനം ഉണ്ടാക്കാതെ പോയ ഈ ചിത്രം പിന്നീട് പതുക്കെ വിജയത്തിലേക്ക് കേറി വരികയായിരുന്നു എന്ന് ലിംഗുസ്വാമി പറയുന്നു. അതോടൊപ്പം ആനന്ദം ഷൂട്ട് ചെയ്തപ്പോൾ ഉണ്ടായ ഒരു അനുഭവവും ലിംഗുസ്വാമി പങ്കു വെക്കുന്നു. തമിഴ് ചാനൽ ടൂറിങ് ടാക്കീസിനു നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം ഇത് തുറന്നു പറയുന്നത്. കുടുംബത്തിലെ മറ്റംഗങ്ങളറിയാതെ 5 ലക്ഷം രൂപ ബാങ്കിൽ ഇട്ടിരിക്കുന്നതായി പാസ്ബുക്കിൽ കണ്ടതിനെ തുടർന്ന് വീട്ടിൽ ഉണ്ടാകുന്ന ഒരു കലഹവും അതിനെ തുടർന്ന് വല്യേട്ടൻ കഥാപാത്രമായ മമ്മൂട്ടി ചോറുണ്ണുന്നതു നിർത്തി എഴുന്നേറ്റ് മറുപടി നൽകുന്നതുമായ വികാരഭരിതമായ ഒരു രംഗം ചിത്രീകരിക്കുകയായിരുന്നു ലിംഗുസ്വാമി.
സങ്കടം നിയന്ത്രിച്ച് മമ്മൂട്ടി പറയുന്ന താങ്കമാട്ടിങ്കടാ എന്ന നീണ്ട ഡയലോഗ് പലതവണ എടുത്തിട്ടും ലിംഗുസ്വാമി ഉദ്ദേശിച്ചത് പോലെ വന്നില്ല. എട്ടു ടേക്കുകൾ കഴിഞ്ഞതോടെ ക്ഷമ നശിച്ച മമ്മൂട്ടി ഇനി എന്താണ് വേണ്ടത് എന്ന് ചോദിച്ചപ്പോൾ താൻ ഉദ്ദേശിച്ചത് പോലെ വരുന്നില്ല എന്ന് ലിംഗുസ്വാമി പറഞ്ഞു. എന്നാൽ താൻ തന്നെ അഭിനയിച്ചു കാണിക്കു എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. അവസാനം ലിംഗുസ്വാമി തന്നെ ആ രംഗം അഭിനയിച്ചു കാണിച്ചു കൊടുത്തതിനു ശേഷമാണു മമ്മൂട്ടിയുടെ ആ ടേക്ക് ശരിയായത്. അതിനു ശേഷം ആ സീൻ ഡബ്ബ് ചെയ്തപ്പോഴും സംവിധായകൻ തൃപ്തിക്കുറവ് പ്രകടിപ്പിച്ചു. ഒട്ടേറെ തവണ ഡബ്ബ് ചെയ്തതിനു ശേഷം പോയ മമ്മൂട്ടിയെ വീണ്ടും വിളിച്ചു വരുത്തി ഡബ്ബ് ചെയ്യിച്ച ശേഷമാണു അതും തയ്യാറായത്. ഏതായാലും മമ്മൂട്ടിയുടെ പ്രകടനത്തിനും ഡബ്ബിങ്ങിനും മികച്ച അഭിപ്രായം ആണ് തമിഴ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.