യുവതാരങ്ങളെ അണിനിരത്തി സംവിധായകൻ ജോഷി തോമസ് പള്ളിക്കൽ ഒരുക്കിയ ചിത്രമാണ് നാം. ചിത്രം ജെ. ടി. പി ഫിലിംസാണ് നിർമ്മിച്ചിരിക്കുന്നത്. ശബരീഷ് വർമ, രാഹുൽ മാധവ്, നോബി മാർക്കോസ്, നിരഞ്ജ് സുരേഷ്, അഭിഷേക് രവീന്ദ്രൻ, സോനു സെബാസ്റ്റ്യൻ, ഹക്കീം, ടോണി ലൂക്ക്. എന്നിവരാണ് ചിത്രത്തിൽ നായക കഥാപാത്രങ്ങളായി എത്തുന്നത് ഇവരുടെ സുഹൃത്തുക്കളായ സഹപാഠികളായി ഗായത്രി സുരേഷ്, അതിഥി രവി, മറീന മൈക്കിൾ തുടങ്ങിയവരും എത്തുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് അശ്വിൻ, സന്ദീപ് എന്നിവർ ചേർന്നാണ്. ചിത്രത്തെപ്പറ്റിയുള്ള തന്റെ പ്രതീക്ഷകൾ പങ്കുവയ്ക്കുകയാണ് സംവിധായകനായ ജോഷി തോമസ് പള്ളിക്കൽ.
ചിത്രത്തിന്റേത് ഒരിക്കലും ഒരു നായക കേന്ദ്രീകൃതമായ കഥയല്ലെന്ന് സംവിധായകൻ പറയുന്നു. അതിനാൽ തന്നെ ഏവർക്കും തുല്യമായ കഥാപാത്രമാണ് ചിത്രത്തിൽ ഉള്ളത്. സൗഹൃദത്തിന്റെ കഥപറയുന്ന ചിത്രത്തിൽ രാഷ്ട്രീയമോ മതമോ ഒന്നും തന്നെ ചർച്ചയാകുന്നില്ലെന്നും സംവിധായകൻ പറയുന്നു. നല്ല കൂട്ടുകെട്ടുകളുടെ കഥയാണ് നാമെന്നും ജോഷി തോമസ് പള്ളിക്കൽ പറഞ്ഞു. ചിത്രത്തിൽ സൗഹൃദത്തിന്റെ കഥയാണെങ്കിൽ പോലും ചിത്രത്തിൽ ഒരു ദ്വയാർത്ഥ സംഭാഷണം പോലും ഉൾപ്പെടുത്തിയിട്ടില്ല അതിനാൽ തന്നെ കുടുംബ പ്രേക്ഷകർക്കും ചിത്രത്തിന് ധൈര്യമായി ടിക്കറ്റെടുക്കാം. ചിത്രത്തിലൂടെ ആദ്യമായി മലയാളികൾക്കു മുന്നിൽ എത്തുന്ന സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ചിത്രത്തിന് വളരെ മികച്ച അഭിപ്രായമാണ് കഴിഞ്ഞദിവസങ്ങളിൽ പങ്കുവച്ചത്. ചിത്രം തന്നെ മുൻചിത്രമായ വാരണം ആയിരത്തിന് അനുസ്മരിപ്പിച്ചു അദ്ദേഹം പറയുകയുണ്ടായി. ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ തുടങ്ങിയവരും ചിത്രത്തിൽ ചെറിയ വേഷങ്ങളിൽ എത്തുന്നുണ്ട്. സൗഹൃദത്തിന്റെ പുതുതാളമൊരുക്കാൻ ചിത്രം നാളെ തീയറ്ററുകളിൽ എത്തും.