ആസിഫ് അലി നായകനായിയെത്തുന്ന പുതിയ ചിത്രമാണ് ‘വിജയ് സൂപ്പറും പൗര്ണമിയും’. സൺഡേ ഹോളിഡേ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജിസ് ജോയും- ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മായാനദിയിലൂടെ ഏറെ ശ്രദ്ധേയമായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്.സൗഹൃദവും കുടുംബ ബന്ധങ്ങളും കൂട്ടികലർത്തിയാണ് വിജയ് സൂപ്പറും പൗര്ണമിയും അണിയിച്ചൊരുക്കുന്നത്. രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന നായകനെയും നായികയെയുമാണ് ചിത്രത്തിൽ കാണാൻ സാധിക്കുക. അലസമായി നടക്കുന്ന വിജയ് എന്ന യുവാവായി ആസിഫ് അലിയും, എം.ബി.എ വിദ്യാർത്ഥിയും വളരെ ദീർഘവീഷണമുള്ള പൗർണമി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.
ആസിഫിന്റെ കഥാപാത്രവുമായി വിജയ് സൂപ്പർ എന്ന സ്കൂട്ടറിനും ചിത്രത്തിൽ ഏറെ ബന്ധമുണ്ടെന്ന് ജിസ് ജോയ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ആസിഫിനൊപ്പം ചിത്രത്തിൽ ഉടനീളം സ്‌കൂട്ടറും കാണാൻ സാധിക്കുമെന്നും അതിനുള്ള കാരണം വെളിപ്പെടുത്തിയാൽ ചിത്രത്തിന്റെ സസ്‌പെൻസ് നഷ്ടമാവുമെന്ന് സംവിധായകൻ അഭിപ്രായപ്പെട്ടു. രസകരമായ നിമിഷങ്ങൾ കോർത്തിണക്കി നർമ്മത്തിലൂടെയാണ് സിനിമയെ അവതരിപ്പിക്കുന്നത്. കൂടാതെ നല്ലൊരു സാമൂഹിക സന്ദേശവും സിനിമ സമ്മാനിക്കുന്നുണ്ട് എന്ന് സംവിധായകൻ വ്യെക്തമാക്കി.
ജോസഫ് അന്നംകുട്ടി ജോസ്, ബാലു, അജു വർഗീസ്, ശാന്തി കൃഷ്ണ, രഞ്ജി പണിക്കർ, ദേവൻ, കെ.പി.എ.സി ലളിത തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന് വേണ്ടി 5 ഗാനങ്ങൾ ഒരുക്കുന്നത് പുതുമുഖം ഫ്രാൻസ് ജോർജാണ്. രണദേവാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്യുന്നത് രതീഷ് രാജാണ്. സൂര്യ ഫിലിംസിന്റെ ബാനറിൽ എ. ക്കെ സുനിലാണ് ചിത്രം നിർമ്മിക്കുന്നത്.