ആ സ്പിരിറ്റാണ് സിനിമ; മനസ്സ് തുറന്നു സംവിധായകൻ ഹരിഹരൻ..!

Advertisement

മലയാളത്തിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് ഹരിഹരൻ. ഒരു വടക്കൻ വീരഗാഥ, അമൃതം ഗമയ, പഞ്ചാഗ്നി, പഴശ്ശി രാജ തുടങ്ങി ഹരിഹരൻ നമ്മുക്ക് സമ്മാനിച്ച ക്ലാസിക് ചിത്രങ്ങൾ ഏറെയാണ്. ഇപ്പോഴും പുതിയ ചിത്രങ്ങളുമായി മുന്നോട്ടു വരാനുള്ള പരിശ്രമത്തിലാണ് മലയാളത്തിലെ ഈ സീനിയർ സംവിധായകൻ. കുഞ്ചൻ നമ്പ്യാരുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ഒരു ചിത്രമായിരിക്കും ഹരിഹരൻ അടുത്തതായി ഒരുക്കുക എന്നാണ് സൂചന. ഇപ്പോഴിതാ ഒരു മാധ്യമ അഭിമുഖത്തിൽ സിനിമയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തുറന്നു പറയുകയാണ് ഹരിഹരൻ. സിനിമ എന്നത് എപ്പോഴും പ്രധാനമായി സംവിധായകന്റെ ആണെന്ന് അദ്ദേഹം പറയുന്നു. ഛായാഗ്രഹണം, സംഗീതം, എഡിറ്റിംഗ് തുടങ്ങി ബാക്കി എല്ലാവരും സംവിധായകനെ സഹായിക്കാൻ ആണ് നിൽക്കേണ്ടത് എന്നും, പൂർണ്ണമായും സംവിധായകന്റെ നിയന്ത്രണത്തിലും അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലൂടെയുമാകണം സിനിമ ഒരുങ്ങേണ്ടതെന്നും ഹരിഹരൻ വിശദീകരിക്കുന്നു. സിനിമ മോശമായാൽ സംവിധായകന്റെ കുറ്റവും നന്നായാൽ അത് കൂട്ടായ പരിശ്രമവുമാണെന്നു പറയപ്പെടുന്ന സാഹചര്യത്തിൽ ഈ കാര്യങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഡയറക്ടർ ശരിയല്ലെങ്കിൽ ഒരിക്കലും സിനിമ നന്നാവില്ല എന്ന് പറയുന്ന ഹരിഹരൻ പണം നോക്കി മാത്രം സിനിമകൾ തിരഞ്ഞെടുക്കാൻ താൻ എന്തായാലും തയ്യാറാവില്ല എന്നും പറയുന്നു. സഹപ്രവർത്തകരുടെ അഭിപ്രായങ്ങൾ നല്ലതാണെങ്കിൽ എപ്പോഴും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ എപ്പോഴും ഏറ്റവും നന്നായി തയ്യാറെടുത്തതിന് ശേഷമേ ഒരു ചിത്രം ചെയ്യാൻ ഒരുങ്ങാവു എന്ന് പറയുന്ന ഹരിഹരൻ, നമ്മുടെ മുന്നിൽ ഉള്ള പ്രോജെക്റ്റിനോടും അതിനു പണം മുടക്കുന്ന നിർമ്മാതാവിനോടുമുള്ള ആത്മാർത്ഥതയാണ് യഥാർത്ഥ സിനിമാ സ്പിരിറ്റ് എന്നും പറയുന്നു. സിനിമ എന്ന കലയേക്കാൾ പണത്തിനോട് ഉള്ള ആഗ്രഹത്തിലാണ് ഇന്ന് പലരും സിനിമ എടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close