ആദ്യ ചിത്രമായ ജനപ്രിയനിലൂടെ തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകൻ ആണ് ബോബൻ സാമുവൽ. വമ്പൻ ഹിറ്റ് ആയില്ല എങ്കിൽ കൂടിയും നന്മ നിറഞ്ഞ ചിത്രം പിന്നീട് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടി. ആദ്യ ചിത്രത്തിന് ശേഷം തിരക്കഥാകൃത്ത് വൈ. വി. രാജേഷിനു ഒപ്പം ഒരുക്കിയ ചിത്രം റോമൻസ് ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി. ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബൻ- ബിജു മേനോൻ കൂട്ടുകെട്ട് വളരെയധികം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ജയസൂര്യയെ നായകനാക്കി എത്തിയ ഹാപ്പി ജേർണി മികച്ച നിരൂപക പ്രശംസ നേടി എങ്കിലും ശ്രദ്ധിക്കപ്പെടാതെ പോയി. അവസാനമായി എത്തിയ ഷാജഹാൻ തീയറ്ററുകളിൽ വിജയം കൈവരിച്ചില്ല. തന്റെ അവസാന ചിത്രങ്ങളിൽ ഉണ്ടായ ക്ഷീണം എന്തുതന്നെ ആയാലും സംവിധായകൻ വികടകുമാരനിൽ എത്തുമ്പോൾ സംവിധായകൻ പരിഹരിച്ചിട്ടുണ്ട്.
പ്രമേയത്തിന്റെ ആഴം ചോർന്നു പോകാതെ എന്നാൽ ഹാസ്യത്തിന്റെ പ്രാധാന്യം കുറയ്ക്കാതെ തന്നെ ചിത്രം ഒരുക്കാൻ വികടകുമാരനിലൂടെ ബോബൻ സാമുവലിനു ആയിട്ടുണ്ട്. ചിത്രം കോമഡി കൈകാര്യം ചെയ്യുമ്പോഴും മറ്റേ തലയ്ക്കൽ ഉള്ള പ്രധാന വിഷയത്തിൽ ഊന്നി നിൽക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രമേയത്തിന്റെ സീരിയസ്നെസ് ചോർന്നു പോകാതിരിക്കാൻ അനാവശ്യ നർമ രംഗങ്ങൾ തീർത്തും ഒഴിവാക്കി കൊണ്ട് തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മികച്ച അഭിപ്രായങ്ങൾക്ക് പിന്നിൽ ബോബൻ സാമുവൽ എന്ന സംവിധായകന്റെ കയ്യടക്കത്തോടെ ഉള്ള സംവിധാന മികവ് ആണെന്ന് തന്നെ പറയാം.
മാമലയൂർ ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ കോടതിയിലെ വക്കീൽ ആയ ബിനുവിന്റെ കഥപറയുന്ന ചിത്രം നാട്ടിൽ നടക്കുന്ന ഒരു മരണവും തുടർന്ന് ബിനുവിന് അത് മൂലം നേരിടുന്ന പ്രശ്ങ്ങളും ആണ് ഇതിവൃത്തം. അഡ്വക്കേറ്റ് ബിനു ആയി ചിത്രത്തിൽ എത്തിയത് വിഷ്ണു ഉണ്ണികൃഷ്ണൻ ആണ് ഗുമസ്തനായി ധർമജനും സുകുമാരൻ എന്ന കഥാപാത്രമായി മികച്ച പ്രകടനം സമ്മാനിച്ച് കൊണ്ട് സംസ്ഥാന അവാർഡ് നേടിയ ഇന്ദ്രൻസും ചിത്രത്തിൽ ഉണ്ട്. റോമൻസിന്റെ അഞ്ചാം വർഷത്തിൽ അതെ ടീം വീണ്ടും ഒന്നിച്ചു പുറത്തിറങ്ങിയ ചിത്രം എല്ലാത്തരത്തിലും റോമൻസ് പോലെ ഒരു ഭാഗ്യ സിനിമ ആയി മാറിയിരിക്കുകയാണ്. ഇന്നലെ ഈസ്റ്റർ റിലീസ് ആയി എത്തിയ ചിത്രം മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്നു.