സ്ഫടികം വീണ്ടും തീയേറ്ററുകളിൽ എത്തും; ചിത്രം ഡിജിറ്റലൈസ് ചെയ്തു റിലീസ് ചെയ്യാൻ ഭദ്രൻ..!

Advertisement

മലയാളത്തിലെ എക്കാലത്തെയും വലിയ മാസ്സ് ഹിറ്റുകളിൽ ഒന്നായ മോഹൻലാൽ ചിത്രമായ സ്ഫടികം അടുത്ത വർഷം റിലീസിന്റെ ഇരുപത്തിയഞ്ചാം വർഷം ആഘോഷിക്കാൻ പോവുകയാണ്. 1995 ലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഭദ്രനും നിർമ്മിച്ചത് ഗുഡ് നൈറ്റ് മോഹനും ആണ്. ക്ലാസിക് ആക്ഷൻ ചിത്രമായി മാറിയ സ്ഫടികത്തിലെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിന് മോഹൻലാലിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. ഇന്ന് മലയാളത്തിലെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മാസ്സ് കഥാപാത്രമാണ് ആട് തോമ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചൂട് പിടിച്ച ചർച്ച പോലും ഈ ചിത്രത്തിന് ഒരു സംവിധായകൻ രണ്ടാം ഭാഗം പ്രഖ്യാപിച്ചതിനെ കുറിച്ചാണ്. അതിനെതിരെ വലിയ പ്രതിഷേധം ആണ് സിനിമാ പ്രേമികൾ നടത്തുന്നത്.

എന്നാൽ ഈ ചിത്രം ഡിജിറ്റലൈസ് ചെയ്തു റീ-റിലീസ് ചെയ്യാൻ ഉള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ ഭദ്രൻ. സ്ഫടികത്തിന്റെ 25-ാം വര്‍ഷം ഈ പടത്തിനെ ഇത്രയും സ്‌നേഹിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി ഡിജിറ്റലൈസ് ചെയ്ത പ്രിന്റ് വീണ്ടും തിയറ്ററുകളിലെത്തിക്കും എന്നാണ് ഭദ്രൻ പറയുന്നത്. അതിന്റെ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്നും ഭദ്രൻ അറിയിച്ചു. മലയാളത്തിൽ ഏറ്റവും കൂടുതൽ തവണ റീ-റിലീസ് ചെയ്യപ്പെട്ടത് മോഹൻലാൽ ചിത്രങ്ങൾ ആണ്. നരസിംഹം എന്ന മോഹൻലാൽ ചിത്രമാണ് ഏറ്റവും കൂടുതൽ തവണ കേരളത്തിൽ റീ-റിലീസ് ചെയ്ത മലയാള ചിത്രം. ഡിജിറ്റലൈസ് ചെയ്യാത്ത സ്ഫടികത്തിന്റെ പ്രിന്റ് കഴിഞ്ഞ വർഷം മോഹൻലാലിൻറെ ജന്മദിനത്തോട് അനുബന്ധിച്ചു മുവാറ്റുപുഴ ലത തിയേറ്ററിൽ റീ-റിലീസ് ചെയ്തിരുന്നു. അന്ന് സ്ഫടികത്തിലെ ജൂനിയർ ആട് തോമ ആയി അഭിനയിച്ച രൂപേഷ് പീതാംബരൻ ആയിരുന്നു മുഖ്യ അതിഥി. ഏതായാലും ഡിജിറ്റലൈസ് ചെയ്ത പ്രിന്റ് കേരളത്തിൽ വലിയ റിലീസ് ആയി എത്തിക്കാൻ തന്നെയാണ് ഭദ്രൻ പ്ലാൻ ചെയ്യുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close