ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ മോഹൻലാൽ ചിത്രമാണ് ആറാട്ട്. ഇതിനോടകം സമൂഹ മാധ്യമങ്ങളിലൂടെയും മറ്റുമായി വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ചിത്രത്തിനെ കുറിച്ചുള്ള പുതിയ അപ്ഡേറ്റുകൾ പുറത്തു വന്നിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടുള്ള ചിത്രീകരണം ആറാട്ടിന്റെ ബഡ്ജറ്റ് വലിയ രീതിയിൽ ഉയർത്തി എന്ന് സംവിധായകൻ മുൻപ് തുറന്നു പറഞ്ഞിരുന്നു. ചിത്രീകരണം പുരോഗമിക്കുന്ന ആറാട്ടിന്റെ ബഡ്ജറ്റിനെ സംബന്ധിച്ചുള്ള പുതിയ വെളിപ്പെടുത്തൽ സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ നടത്തിയിരിക്കുകയാണ്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്. ലോകപ്രശസ്തനായ സംഗീത സംവിധായകൻ എ. ആർ റഹ്മാൻ ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന വിവരം സമൂഹ മാധ്യമങ്ങളിലും മറ്റുമായി വ്യാപകമായി പ്രചരിച്ചിരുന്നു. എ. ആർ റഹ്മാൻ ചിത്രത്തിന്റെ ഭാഗമായതിനെക്കുറിച്ചും അതിന് വഹിക്കേണ്ടി വന്ന ചെലവിനെ കുറിച്ചും ബി. ഉണ്ണികൃഷ്ണൻ പറയുന്നു. ആക്ഷന് ഏറെ പ്രാധാന്യമുള്ള ആറാട്ടിൽ കഥയുടെ സുപ്രധാന മുഹൂർത്തത്തിൽ എ.ആർ റഹ്മാനും ചിത്രത്തിന്റെ ഭാഗമാവുകയാണ്.
ഇതിഹാസ നടനൊപ്പം ഇതിഹാസ സംഗീതജ്ഞനും ഒന്നിച്ച് അഭിനയിക്കുമ്പോൾ അത് ചരിത്രമുഹൂർത്തം ആവുക തന്നെ ചെയ്യും. അത്തരത്തിലുള്ള അസുലഭമായ ഒരു സന്ദർഭമാണ് ബി. ഉണ്ണികൃഷ്ണൻ ആറാട്ടിലൂടെ ഒരുക്കുന്നത്. ഇരു ഇതിഹാസ താരങ്ങളുടെയും ആരാധകർക്ക് വലിയ ആവേശം പകരുന്ന ഈ രംഗം ഒരുക്കാൻ വലിയ സജ്ജീകരണങ്ങളും വലിയ ബഡ്ജറ്റും ആവശ്യമാകുന്നു എന്നാണ് ബി. ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തുന്നത്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന രംഗം ചിത്രീകരിക്കാൻ കോടിക്കണക്കിന് രൂപ ചെലവിടേണ്ടി വരും എന്ന് അദ്ദേഹം പറയുന്നു. ചെന്നൈയിലുള്ള ബ്രഹ്മാണ്ട സെറ്റിൽ വച്ചാണ് കോടികൾ ചെലവഴിച്ചുള്ള ഈ രംഗം ചിത്രീകരിച്ചത് എന്നും വൻ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ചിത്രീകരണം പൂർത്തീകരിച്ചതെന്നും ഉണ്ണികൃഷ്ണൻ പറയുന്നു.സാധാരണയായി സിനിമകളിൽ ഒരു പാട്ട് രംഗത്തിൽ പ്രമുഖരെ കൊണ്ടുവരുന്നത് പോലെയല്ല എ.ആർ റഹ്മാനെ കൊണ്ടുവന്നതെന്നും ഈ രംഗം ചിത്രീകരിച്ചില്ലെങ്കിൽ സിനിമ പൂർത്തിയാകില്ലയെന്നാണ് ഉണ്ണികൃഷ്ണൻ പറയുന്നത്. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം താങ്ങാൻ കഴിയാത്തത്ര വലിയ തുക ചെലവഴിച്ചാണ്ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്.
ആറാട്ടിലെ ഈ രംഗത്തിൽ അഭിനയിക്കാൻ എ.ആർ റഹ്മാനെ ആദ്യം സമീപിച്ചെങ്കിലും അദ്ദേഹം അതിനു വഴങ്ങിയില്ല എന്നും പിന്നീട് ഒരുപാട് നിർബന്ധിക്കുകയും സിനിമയിലെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തതിനു ശേഷമാണ് അദ്ദേഹം അഭിനയിക്കാൻ സമ്മതിച്ചത് എന്നും ഉണ്ണികൃഷ്ണൻ പറയുന്നു.