1000 കോടിയിലധികം നേടുമായിരുന്ന രജനികാന്ത് ചിത്രം; അൽഫോൺസ് പുത്രൻ മനസ്സ് തുറക്കുന്നു..!

Advertisement

മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ അൽഫോൻസ് പുത്രൻ കഴിഞ്ഞ ദിവസം ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. നേരം, പ്രേമം എന്നീ വലിയ വിജയങ്ങൾക്കു ശേഷം ഇപ്പോൾ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഒരുക്കിയ ഗോൾഡ്‌ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ ആണ് അദ്ദേഹം. ലേഡി സൂപ്പർ സ്റ്റാർ നയൻതാര നായികാ വേഷം ചെയ്ത ഈ ചിത്രം ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്ന് മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. ഏതായാലും ആ ചിത്രത്തെ കുറിച്ചു ആയിരുന്നില്ല അൽഫോൻസ് പുത്രൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

2015 മുതൽ തൻറെ പേരിൽ പ്രചരിക്കുന്ന ഒരു വ്യാജ വാർത്ത തന്നെ അലട്ടുന്നു എന്നാണ് അൽഫോൺസ് പുത്രൻ പറയുന്നത്. പ്രേമത്തിന്റെ റിലീസിന് പിന്നാലെ, തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം ചിത്രം ചെയ്യാൻ അൽഫോൺസ് പുത്രന് താത്പര്യമില്ലെന്ന് ഒരു ഓൺലൈൻ പേജിൽ ലേഖനം വന്നെന്നും സത്യാവസ്ഥ അറിയാൻ അദ്ദേഹത്തിന്റെ മകൾ സൗന്ദര്യ രജനികാന്ത് തനിക്ക് സന്ദേശം അയക്കുകയും ചെയ്തെന്ന് അൽഫോൺസ് പുത്രൻ വെളിപ്പെടുത്തുന്നു. അന്ന് സൗന്ദര്യ രജനികാന്തിനോട് സംസാരിച്ച് ആ പ്രശ്നം അവിടെ തീർത്തെങ്കിലും, ഇന്നും ആ വ്യാജ വാർത്ത തന്നെ വേട്ടയാടുന്നുവെന്ന് അൽഫോൺസ് പറയുന്നു. 2021 ഓഗസ്റ്റിൽ, ഗോള്‍ഡിന്റെ കഥ താൻ ഒരു ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റിനോട് പറയുമ്പോള്‍ അദ്ദേഹം തന്നോട് പറഞ്ഞത് ഞാന്‍ രജനികാന്തുമായി സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞ ഒരു സംവിധായകനോട് സംസാരിക്കുകയാണെന്നാണെന്നും, അത് കേട്ട് താൻ ഞെട്ടിപ്പോയെന്നും അൽഫോൻസ് വെളിപ്പെടുത്തി. രജനികാന്തിനൊപ്പമുള്ള സിനിമ, താൻ ആഗ്രഹിച്ചതുപോലെ നടന്നിരുന്നെങ്കിൽ, ആ ചിത്രം 1000 കോടിയിലധികം രൂപ കലക്ഷൻ നേടുമായിരുന്നുവെന്നും, സര്‍ക്കാരിനും ധാരാളം നികുതി ലഭിക്കുമായിരുന്നു. നഷ്ടം എനിക്കും സൂപ്പര്‍ സ്റ്റാറിനും പ്രേക്ഷകര്‍ക്കും സര്‍ക്കാരിനുമാണ്. ഈ വാര്‍ത്ത ഇട്ടയാളും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച തലച്ചോറും ഒരു ദിവസം തന്റെ മുന്നില്‍ എത്തും, ആ ദിവസത്തിനായി കാത്തിരിക്കുക എന്നാണ് അൽഫോൻസ് കുറിക്കുന്നത്. രജനികാന്ത് സാറിനൊപ്പമുള്ള തന്റെ സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുമല്ലോ എന്നും അല്ഫോണ്സ് പുത്രൻ കൂട്ടിച്ചേർക്കുന്നുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close