മോഹൻ സർ, ഞാൻ കണ്ട തീയേറ്ററിൽ ഒരു രംഗത്ത് പോലും കൂവൽ ഉണ്ടായില്ല; ആ ചിത്രത്തെ കുറിച്ചുള്ള ഓർമകളുമായി എബ്രിഡ് ഷൈൻ..!

Advertisement

മലയാള സിനിമയിലെ ഇതിഹാസങ്ങളിൽ ഒന്നായ പി പദ്മരാജൻ നമ്മളെ വിട്ടു പോയത് 1991 ഇൽ ആണ്. ഞാൻ ഗന്ധർവ്വൻ എന്ന തന്റെ അവസാന ചിത്രത്തിന്റെ റിലീസ് കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്കു ശേഷമായിരുന്നു അദ്ദേഹം അന്തരിച്ചത്. ഏറെ പ്രതീക്ഷയോടെ റീലീസ് ചെയ്ത ഞാൻ ഗന്ധർവൻ എന്ന ചിത്രത്തിന് ആദ്യ ദിവസങ്ങളിൽ ലഭിച്ച അത്ര സുഖകരമല്ലാത്ത പ്രതികരണമാണ് പി പദ്മരാജൻ എന്ന പ്രതിഭയെ തളർത്തി കളഞ്ഞത് എന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മഹാഭാരതത്തിലെ ശ്രീകൃഷ്ണ വേഷത്തിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്തനായ നിതീഷ് ഭരദ്വാജ് ആണ് ആ ചിത്രത്തിലെ നായക വേഷം ചെയ്തത്. ഇപ്പോഴിതാ ആ ചിത്രം തീയേറ്ററിൽ കണ്ട അനുഭവം പങ്കു വെക്കുകയാണ് പ്രശസ്ത സംവിധായകൻ എബ്രിഡ് ഷൈൻ.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സജീവ് പാഴൂരാനേ മനോഹരമായിരിക്കുന്നു താങ്കളുടെ ഓർമ്മക്കുറിപ്പ്. എനിക്കും ഉണ്ട് ചില ഓർമ്മകൾ. ഞാൻ ഗന്ധർവ്വൻ സിനിമ റിലീസ് ആകുന്നതിനു മുൻമ്പു മനോരമ വീക്കിലിയിലാണെന്ന് തോന്നുന്നു ഞാൻ ഗന്ധർവന്റെ തിരക്കഥ ഖണ്ട്‌ഠശ പ്രസിദ്ധീകരിച്ചതു വായിച്ചിരുന്നു. അതിനു മുന്പും തിരക്കഥകൾ സിനിമ പ്രസിദ്ധികരണങ്ങളിലും മറ്റും വായിച്ചിട്ടുണ്ട്. ബാർബർ ഷോപ്പിലിരുന്നായിരുന്നു സിനിമ പ്രസിദ്ധികരണങ്ങളുടെ വായന. ചിലതൊക്കെ ചിത്രകഥ രൂപത്തിലും ആയിരുന്നു. കാക്കോത്തിക്കാവിലെ അപ്പൂപ്പന്താടികൾ, കരിയിലകാറ്റുപോലെ തുടങ്ങിയ സിനിമകളുടെ തിരക്കഥകൾ അങ്ങനെ വായിച്ചിരുന്നു. ഞാൻ ഗന്ധർവന്റെ തിരക്കഥയുടെ ആദ്യ ലക്കത്തിൽ തന്നെ ഭാമ ഗന്ധർവന്റെ പ്രതിമ കണ്ടെത്തുന്ന രംഗം ഉണ്ടായിരുന്നു. വല്ലാത്തൊരു അനുഭവമുണ്ടാക്കി ആ വായന. പിന്നീട് ഞാൻ ഗന്ധർവന്റെ പാട്ടുകൾ ചിത്രഗീതത്തിൽ വന്നു. മഹാഭാരതത്തിലെ ശ്രീകൃഷ്ണൻ നിധീഷ് ഭരദ്വാജ് വൈശാലിയിലെ വൈശാലി സുപർണയും ചേർന്ന് സ്‌ക്രീനിൽ ഒരു മായിക ലോകം സൃഷ്ടിച്ചു. ചിത്രഗീതത്തിലെ ദേവാങ്കണങ്ങൾ എന്ന ഗന്ധർവ ശബ്ദത്തിലെ ഗാനത്തിനു നിധീഷിന്റെ ലിപ് സിങ്കും ഭാവവും കണ്ട് ഞങ്ങൾ അമ്പരന്നിരുന്നു. ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷൻ നിധീഷ് ഭരദ്വാജ് ആണെന്ന് ഞങ്ങൾ വിശ്വസിച്ചു. ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാൻ ഗന്ധർവ്വൻ റിലീസ് ആവുന്നതും പത്മരാജൻ സർ മരിക്കുന്നതും. ശ്രീമതി ഇന്ദിര ഗാന്ധി, ശ്രീ പ്രേംനസീർ, ശ്രീ രാജീവ് ഗാന്ധി തുടങ്ങിയ അതികായരുടെ വിയോഗ വാർത്ത പോലെ ആയിരുന്നു അന്നെനിക്ക് പദ്മരാജൻ സാറിന്റെ മരണവും. “ഇന്നലെ” ആണ് ഞാൻ ആദ്യം തിയേറ്ററിൽ കണ്ട പത്മരാജൻ സിനിമ. രണ്ടാമത് കണ്ടത് ഞാൻ ഗന്ധർവ്വനും. ബാക്കി എല്ലാ മഹത് സൃഷ്ടികളും കണ്ടതും വായിച്ചതും പിന്നീടാണ്. ഈ അടുത്തിടെ ഒരു ഓൺലൈൻ ഇന്റർവ്യൂവിൽ ഞാൻ ഗന്ധർവന്റെ പ്രൊഡ്യൂസർ ശ്രീ ഗുഡ് നൈറ്റ് മോഹൻ ഞാൻ ഗന്ധർവന്റെ പല രംഗങ്ങളിലും തിയേറ്ററിൽ കൂവൽ ഉണ്ടായിരുന്നതായി പറഞ്ഞു കണ്ടു. ഗുഡ് നൈറ്റ് മോഹൻ സർ, ഞാൻ കണ്ട തിയേറ്ററിൽ ഒരു രംഗത്തിൽ പോലും കൂവൽ ഉണ്ടായിരുന്നില്ല. അന്നത്തെ ഒൻപതാംക്ലാസുകാരനായ ആസ്വാദകൻ എന്ന നിലക്കും ഇന്ന് ഇത്രയും വർഷങ്ങൾക്കു ശേഷം കാണുമ്പോഴും ആ കലാസൃഷ്ടിയുടെ ശോഭ ഒട്ടും കുറയുന്നില്ല. അന്നും ഇന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് ഞാൻ ഗന്ധർവ്വൻ. ഒരു കലാസൃഷ്ടി കാലാതിവർത്തി ആകണമെങ്കിൽ അതെത്രത്തോളം മേന്മ ഉള്ളതായിരിക്കണം. ഞാൻ ഗന്ധർവ്വൻ അത്തരത്തിലൊന്നാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close