സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങൾ കൊണ്ട് തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ കയ്യടി നേടിയെടുത്ത സംവിധായകനാണ് ദിലീഷ് പോത്തൻ. നടനെന്ന നിലയിലും പ്രേക്ഷകരുടെ പ്രീയപ്പെട്ടവനായ ഈ കലാകാരൻ സംവിധാനം ചെയ്ത ചിത്രങ്ങളാണ് മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നിവ. ഈ രണ്ടു ചിത്രങ്ങളും ദേശീയ തലത്തിൽവരെ അംഗീകരിക്കപ്പെട്ട ചിത്രങ്ങളാണ്. ഇതിലെ ആദ്യ ചിത്രം രചിച്ചത് ശ്യാം പുഷ്കരനാണെങ്കിൽ രണ്ടാമത്തെ ചിത്രം രചിച്ചത് സജീവ് പാഴൂർ ആണ്. എന്നാൽ ദിലീഷ് പോത്തൻ ആദ്യം സംവിധാനം ചെയ്യാൻ പ്ലാൻ ചെയ്തത് ഇത് രണ്ടുമല്ല. 2011 ഇൽ ശ്യാം പുഷ്ക്കരൻ- ദിലീഷ് നായർ ടീം രചിച്ച പാതിരാപ്പടം എന്ന ഒരു ചിത്രമാണ് അത്. ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാൻ പ്ലാൻ ചെയ്ത ആ ചിത്രം നിർമ്മിക്കാനിരുന്നത് തൊണ്ടിമുതലും ദൃക്‌സാക്ഷിയുമൊക്കെ നിർമ്മിച്ച സന്ദീപ് സേനനാണ്. അതിന്റെ തിരക്കഥയൊക്കെ പൂർണ്ണമായി ചിത്രീകരണം തുടങ്ങാനിരിക്കെയാണ് ആ ചിത്രം ദിലീഷ് പോത്തൻ വേണ്ടെന്നു വെച്ചത്.
കാരണം അത് എഴുതി തീർന്നു തയ്യാറായി വരാൻ ഏകദേശം രണ്ടു വർഷം സമയമെടുത്തു എന്നും അപ്പോഴേക്കും അതിന്റെ കഥ ചർച്ച ചെയ്തപ്പോൾ ഉണ്ടായിരുന്ന വിശ്വാസവും ആവേശവും ആ ചിത്രത്തിൽ തനിക്കു നഷ്ടപ്പെട്ടിരുന്നു എന്നും ദിലീഷ് പോത്തൻ പറയുന്നു. തനിക്കു ആവേശം പകർന്നു തരുന്ന കഥകൾ പറയാനാണ് താൽപര്യമെന്നും ഈ കാര്യം നിർമ്മാതാവ് സന്ദീപ് സേനനെ കണ്ടു പറഞ്ഞപ്പോൾ അദ്ദേഹം അങ്ങനെ ഒരു കഥയ്ക്ക് വേണ്ടി ശ്രമിക്കാനുള്ള ധൈര്യവും പിന്തുണയുമാണ് തന്നതെന്നും ദിലീഷ് പോത്തൻ വെളിപ്പെടുത്തി. ആ സമയത്തു തന്നെയാണ് മഹേഷിന്റെ പ്രതികരണത്തിന്റെ കഥ ചർച്ച ചെയ്യുന്നതും പിന്നീട് അത് ആദ്യ സിനിമയായി മാറുന്നതും. പാതിരാപ്പടം ഇനി ഭാവിയിൽ സിനിമയായി വരില്ല എന്നൊന്നും പറയുന്നില്ല എന്നും ദിലീഷ് പോത്തൻ വ്യക്തമാക്കി.