
ജനപ്രിയ നായകൻ ദിലീപിന്, ആദ്യ ഭാര്യയും മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുകയും ചെയ്യുന്ന നടി മഞ്ജു വാര്യരിൽ ജനിച്ച മകളാണ് മീനാക്ഷി. ദിലീപ് – മഞ്ജു വാര്യർ ദമ്പതികൾ വേർപിരിഞ്ഞതിനു ശേഷം മീനാക്ഷി അച്ഛനൊപ്പം നിൽക്കാനാണ് താല്പര്യപ്പെട്ടത്. ദിലീപ് നടി കാവ്യാ മാധവനെ വിവാഹം ചെയ്തതിനു ശേഷവും മീനാക്ഷി അച്ഛനൊപ്പം തന്നെയാണ് താമസിക്കുന്നത്. എന്നാൽ ഈ അടുത്തിടെ ചില ഓൺലൈൻ മാധ്യമങ്ങൾ മീനാക്ഷിയുടെ പേരിൽ വ്യാജ വാർത്തകൾ പുറത്തു വിടുകയും അതുവഴി ദിലീപിനെയും മീനാക്ഷിയെയും അപകീർത്തിപ്പെടുത്താനും ശ്രമിച്ചിരുന്നു. ഇപ്പോഴിതാ അതിനെതിരെ മീനാക്ഷി പരാതി നൽകിയിരിക്കുകയാണ്. മീനാക്ഷിയുടെ പരാതി പോലീസ് സ്വീകരിക്കുകയും അതിന്മേൽ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട് എന്ന വാർത്തകളാണ് പുറത്തു വരുന്നത്. മീനാക്ഷിയുടെ പരാതിയിൽ ഓൺലൈൻ പോർട്ടലുകൾക്കെതിരെ ആലുവ പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്.

അച്ഛനൊപ്പമുള്ള ജീവിതം മതിയായെന്നും അച്ഛന്റെ യഥാർഥ സ്വഭാവം തിരിച്ചറിഞ്ഞ മീനാക്ഷി അമ്മയ്ക്ക് അടുത്തേക്ക് പോവുകയാണെന്നും പറഞ്ഞു കൊണ്ടുള്ള തലക്കെട്ടുകൾ നൽകിയാണ് ചില ഓൺലൈൻ പോർട്ടലുകൾ വാർത്തകൾ നൽകിയത്. ഈ വാർത്തകൾ വലിയ രീതിയിൽ തന്നെ പ്രചരിക്കുകയും അതിനെ തുടർന്ന് മീനാക്ഷിയെയും ദിലീപിനെയും വ്യക്തിപരമായി അപമാനിക്കുന്ന തരത്തിൽ മോശം കമന്റുകൾ ഈ വാർത്തക്ക് അകമ്പടിയായി സോഷ്യൽ മീഡിയയിൽ നിറയുകയും ചെയ്തു. ഓൺലൈൻ പോർട്ടലുകൾക്കു പുറമെ, ഈ വാർത്തകൾ പ്രചരിപ്പിക്കാൻ മുൻകൈയെടുത്ത ചില സമൂഹ മാധ്യമ അക്കൗണ്ടുകൾക്കു എതിരേയും പോലീസ് കേസ് എടുത്തിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരം ആലുവ എസ് ഐ ആണ് ഇപ്പോൾ കേസ് ഫയൽ ചെയ്തു അന്വേഷിക്കുന്നത്.
ഫോട്ടോ കടപ്പാട്: Anoop Upaasana Photography