മീശ മാധവൻ ടീം വീണ്ടും; ദിലീപ് ചിത്രമൊരുക്കാൻ ലാൽ ജോസ്?

Advertisement

മലയാള സിനിമയിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിലൊന്നാണ് ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തിയ മീശ മാധവൻ. ഈ ചിത്രത്തിന്റെ വമ്പൻ വിജയമാണ് ജനപ്രിയ നായകനെന്ന പദവി അരക്കിട്ടുറപ്പിക്കാൻ ദിലീപിനെ സഹായിച്ചത്. രഞ്ജൻ പ്രമോദ് രചിച്ച്, ലാൽ ജോസ് സംവിധാനം ചെയ്ത ഈ ചിത്രം, ദിലീപ്- ലാൽ ജോസ് കൂട്ടുകെട്ടിലെ ഏറ്റവും വലിയ വിജയം കൂടിയാണ്. ചന്ദ്രനുദിക്കുന്ന ദിക്കിൽ, രസികൻ, ചാന്ത്‌പൊട്ട്, മുല്ല, സ്പാനിഷ് മസാല, ഏഴു സുന്ദര രാത്രികൾ എന്നിവയാണ് ദിലീപ്- ലാൽ ജോസ് കൂട്ടുകെട്ടിൽ നിന്ന് പുറത്ത് വന്നത്. ഇപ്പോഴിതാ ഈ വമ്പൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാൻ പോകുന്നു എന്ന തരത്തിലുള്ള ചില റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ വാർത്തകൾക്കു യാതൊരു വിധത്തിലുള്ള ഔദ്യോഗിക സ്ഥിരീകരണവും ലഭിച്ചിട്ടില്ലെങ്കിലും, ഈ റിപ്പോർട്ടുകൾ ദിലീപ് ആരാധകർക്കും, ദിലീപ്- ലാൽ ജോസ് കൂട്ടുകെട്ട് വീണ്ടും ആഗ്രഹിക്കുന്നവർക്കും വലിയ ആവേശം സമ്മാനിക്കുന്നുണ്ട്. ദിലീപിന്റെ 150 ആം ചിത്രമായേക്കാം ഇതെന്നാണ് സൂചന.

അരുൺ ഗോപി സംവിധാനം ചെയ്ത ബാന്ദ്ര, രതീഷ് രഘുനന്ദൻ ഒരുക്കിയ പുതിയ ചിത്രം എന്നിവയാണ് ഇനി ഈ വർഷം റിലീസ് ചെയ്യാൻ പോകുന്ന ദിലീപ് ചിത്രങ്ങൾ. മാസ്സ് ആക്ഷൻ ത്രില്ലറായ ബാന്ദ്ര ഒക്ടോബറിൽ റിലീസ് ചെയ്യുമെന്നാണ് സൂചന. ഏതാനും ദിവസങ്ങൾക്കുളിൽ ടൈറ്റിൽ പ്രഖ്യാപിക്കാൻ പോകുന്ന രതീഷ് രഘുനന്ദൻ ചിത്രം ദിലീപിന്റെ ക്രിസ്മസ് റിലീസ് ആയിരിക്കുമെന്നും വാർത്തകളുണ്ട്. ഇപ്പോൾ വിനീത് കുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കുന്ന ദിലീപ്, റാഫി തിരക്കഥ രചിക്കുന്ന ഹീ ആൻഡ് ഷീ എന്നൊരു ചിത്രവും കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നു വാർത്തകൾ വന്നിരുന്നു. ഏതായാലും ദിലീപിന്റെ കരിയറിലെ 150 ആം ചിത്രം ആർക്കൊപ്പമാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഈ ജൂലൈ മാസത്തിൽ റിലീസ് ചെയ്ത റാഫി ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്റെ വിജയത്തിലൂടെ വമ്പൻ തിരിച്ചു വരവാണ് ദിലീപ് നടത്തിയത്.

Advertisement
Advertisement

Press ESC to close