
ജനപ്രിയ നായകൻ ദിലീപ് വർഷങ്ങളായി നിർമ്മാതാവ് എന്ന നിലയിലും മലയാള സിനിമയിൽ സജീവമാണ്. തന്റെ പ്രൊഡക്ഷൻ ബാനർ ആയ ഗ്രാന്റ് പ്രൊഡക്ഷന്സിലൂടെ ഒട്ടേറെ പുതുമുഖങ്ങൾക്കും അദ്ദേഹം അവസരങ്ങൾ നൽകിയിട്ടുണ്ട്. മലയാള സിനിമയുടെ യുവ തലമുറയിലെ താരമായ വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത മലർവാടി ആർട്‌സ് ക്ലബ്ബ് നിർമ്മിച്ചതും ദിലീപ് ആണ്. സൂപ്പർ ഹിറ്റായ ആ ചിത്രത്തിലൂടെ ആണ് ഇന്ന് മലയാള സിനിമയിലെ താരങ്ങൾ ആയ നിവിൻ പോളി, അജു വർഗീസ്, ഭഗത് മാനുവൽ എന്നിവർ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ പുതുമുഖങ്ങൾക്ക് വമ്പൻ അവസരവുമായി ദിലീപ് ഒരു ചിത്രം കൂടി നിർമ്മിക്കാൻ പോവുകയാണ്.
ആ ചിത്രത്തിന്റെ കാസ്റ്റിങ് കാൾ ഇപ്പോൾ വന്നു കഴിഞ്ഞു. പ്രശസ്ത രചയിതാവ് സന്തോഷ് ഏച്ചിക്കാനം തിരക്കഥ രചിച്ച ഈ ചിത്രം സംവിധാനം ചെയ്യുന്നത് അനൂപ് ആണ്. ഈ ചിത്രത്തിലെ നായകൻ, നായിക, മറ്റു പ്രധാന കഥാപാത്രങ്ങൾ എന്നിവ അവതരിപ്പിക്കാൻ ആണ് പുതുമുഖങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നായകൻ ആവാൻ 24 മുതൽ 27 വയസു വരെ പ്രായമുള്ള ചെറുപ്പകരെയും നായിക ആവാൻ 18 മുതൽ 22 വരെ പ്രായമുള്ള യുവതികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 35 മുതൽ 55 വയസ്സു വരെ പ്രായമുള്ള പുതുമുഖങ്ങളെയും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ക്ഷണിച്ചിട്ടുണ്ട്. മേയ് 25 ന് മുൻപായി ഒരു മിനിറ്റ് ദൈർഘ്യം ഉള്ള സെൽഫി ഇൻട്രൊഡക്ഷൻ വീഡിയോ, ഫുൾ സൈസ് ഫോട്ടോ, ക്ലോസ് അപ് ഫോട്ടോ, ഉയരം, കോണ്ടാക്റ്റ് നമ്പർ എന്നിവയാണ് അപേക്ഷകർ അയക്കേണ്ടത്.
