മലയാള സിനിമയിലെ പ്രശസ്ത താരങ്ങളിൽ ഒരാളാണ് ദേവൻ. നായകനായും സഹനടനായും വില്ലനായുമെല്ലാം മലയാളം സിനിമകളിൽ തിളങ്ങിയ ദേവൻ തമിഴ്, തെലുങ്കു സിനിമകളിലെയും വില്ലനായി ഗംഭീര പ്രകടനം കാഴ്ച വെച്ചിട്ടുള്ള നടനാണ്. തെലുങ്കിലെ സൂപ്പർ വില്ലന്മാരിൽ ഒരാളാണ് ഇന്നും ദേവൻ. എന്നാൽ കഴിഞ്ഞ വർഷം ദേവൻ മലയാള സിനിമയിൽ കോമഡി ചെയ്തു കൊണ്ടും മുന്നോട്ടു വന്നിരുന്നു. അതിനെക്കുറിച്ചു മനസ്സ് തുറക്കുകയാണ് ദേവനിപ്പോൾ. ഗാനഗന്ധർവൻ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ദേവൻ കോമഡി വേഷം ചെയ്തു കൊണ്ട് മുന്നോട്ടു വന്നത്. വില്ലൻ വേഷം ചെയ്യാനാണ് തനിക്കു ഇപ്പോഴും ഇഷ്ടമെങ്കിലും ആ വേഷം ചെയ്തത് വില്ലൻ ഇമേജിന് ഒരു മാറ്റം ഉണ്ടാക്കിയെന്നും ദേവൻ പറയുന്നു. ജാക്ക് ഡാനിയൽ എന്ന ചിത്രത്തിൽ വളരെ പോസിറ്റീവ് ആയ ഒരു കഥാപാത്രമാണ് ചെയ്തത് എന്നും അതിനു കാരണം ദിലീപ് ആണെന്നും ദേവൻ പറയുന്നു. തന്നെ ആ ചിത്രത്തിലേക്ക് നിർദേശിക്കുന്നത് ദിലീപ് ആണെന്നാണ് ദേവൻ പറയുന്നത്.
അതിലെ കഥാപാത്രം താൻ ചെയ്താൽ നന്നാവുമെന്നു സംവിധായകനോട് പറയുന്നത് ദിലീപ് ആണെന്നും അങ്ങനെ ആ ചിത്രം തന്നിലേക്കു എത്തുകയും ചെയ്തെന്നു ദേവൻ വെളിപ്പെടുത്തി. ആ കഥാപാത്രവും കഥയും തനിക്കു ഏറെ ഇഷ്ടപെട്ടത് കൊണ്ട് കൂടിയാണ് ജാക്ക് ഡാനിയൽ ചെയ്തതെന്നും ദേവൻ വിശദീകരിച്ചു. 1983 ഇൽ നാദം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ദേവൻ പിന്നീട് ഹരിഹരന്റെ ആരണ്യകത്തിലെ നായക വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. അതുപോലെ ഏറെ ശ്രദ്ധിക്കപ്പെട്ട ദേവന്റെ വില്ലൻ വേഷങ്ങളാണ് ന്യൂ ഡൽഹി, ഏകലവ്യൻ, ബാഷ എന്നീ ചിത്രങ്ങളിലേതു. കന്നഡ, ഹിന്ദി ചിത്രങ്ങളിലും ദേവൻ അഭിനയിച്ചിട്ടുണ്ട്.