
പ്രളയക്കെടുതിയിൽ നിന്ന് അതിജീവിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ നമ്മുടെ സംസ്ഥാനം. നമ്മുടെ സംസ്ഥാനത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒരുപാട് ആളുകൾ പങ്കെടുക്കുന്നുണ്ട്. ജനങ്ങൾ ഓരോരുത്തരും നാടിന്റെ അതിജീവനത്തിനായി കൈകോർക്കുമ്പോൾ നമ്മുടെ സിനിമാ താരങ്ങളും അവരുടേതായ സംഭാവനകൾ നൽകുന്നുണ്ട്. സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരും യുവ താരങ്ങളും ഏറ്റവും മികച്ച രീതിയിൽ ഉള്ള ദുരിതാശ്വാസ പ്രവർത്തങ്ങൾ നേരിട്ടും തങ്ങളുടെ ഫാൻസ് അസോസിയേഷൻ വഴിയും നടത്തുന്നുണ്ട്. ഇപ്പോഴിതാ ജനപ്രിയ നായകൻ ദിലീപും തന്നെ കൊണ്ട് കഴിയുന്നത് ചെയ്യുകയാണ്. നേരത്തെ മുപ്പതു ലക്ഷം രൂപയും അതുപോലെ വസ്ത്രങ്ങളും ദുരിതബാധിതർക്കായി നൽകിയ ദിലീപ് ഇപ്പോൾ പ്രളയത്തിൽ നശിച്ച ചാലക്കുടി ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് മരുന്നുകൾ നൽകിയിരിക്കുകയാണ്.
ഒരു ലക്ഷം രൂപയുടെ മരുന്നുകൾ ആണ് ദിലീപ് ആശുപത്രിയിൽ എത്തിച്ചത്. മൂന്നു കോടി രൂപയുടെ മരുന്നുകൾ ആണ് ആശുപത്രിയിൽ പ്രളയ സമയത്തു ഉണ്ടായിരുന്നത്. അത് മുഴുവൻ നശിച്ചു പോവുകയായിരുന്നു. ജനപ്രിയ നായകൻ ദിലീപ് നൽകിയ മരുന്നുകൾ ആശുപത്രി സൂപ്രണ്ട് ഡോക്ടർ എം ജി ശിവദാസൻ ഏറ്റു വാങ്ങി. ദിലീപിന്റെ ഉടമസ്ഥതയിൽ ഉള്ള ഡി സിനിമാസ് തിയേറ്ററിൽ വെച്ചാണ് ഹോസ്പിറ്റൽ സൂപ്രണ്ട് മരുന്നുകൾ ഏറ്റു വാങ്ങിയത്. മറ്റു സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ദിലീപ് മരുന്നുകൾ വിതരണം ചെയ്തിട്ടുണ്ട്. ദിലീപിന്റെ ആരാധക കൂട്ടായ്മയും പല ദുരിതാശ്വാസ ക്യാമ്പുകളിലും തങ്ങളെ കൊണ്ട് ആവുന്ന വിധത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. ദിലീപ് 30 ലക്ഷം രൂപ നൽകിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ്. ദുരിതാശ്വാസ ക്യാമ്പുകളിലെ വൃദ്ധ ജനങ്ങൾ ദിലീപിനോടുള്ള തങ്ങളുടെ സ്നേഹം തുറന്നു പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.