നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപിനെ കഴിഞ്ഞ വർഷമാണ് താര സംഘടനയായ ‘അമ്മ പുറത്താക്കിയത്. എന്നാൽ ആ നടപടിക്ക് നിയമ സാധുത ഇല്ലാത്തതിനാൽ ദിലീപിനെ അമ്മയിലേക്കു തിരിച്ചെടുക്കാനുള്ള നടപടി കുറച്ചു ദിവസങ്ങൾക്കു മുൻപുള്ള ജനറൽ ബോഡി യോഗത്തിൽ ‘അമ്മ കൈകൊണ്ടത് ഇപ്പോൾ വലിയ വിവാദമായി മാറിയിരിക്കുകയാണ്. അമ്മയെയും അതുപോലെ അമ്മയുടെ നേതൃ നിരയിലുള്ളതും സീനിയർ അംഗങ്ങളുമായ മോഹൻലാൽ , മമ്മൂട്ടി, ഇന്നസെന്റ്, മുകേഷ് തുടങ്ങിയവരെയും മാധ്യമങ്ങളും രാഷ്ട്രീയ പ്രവർത്തകരും വനിതാ സംഘടനകളും വളഞ്ഞിട്ടു ആക്രമിക്കുന്ന കാഴ്ചയാണ് ഇപ്പോൾ നമ്മുക്ക് കാണാൻ കഴിയുന്നത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പിൻവലിക്കണം എന്നും ആക്രമിക്കപ്പെട്ട പ്രമുഖ നടിക്കൊപ്പമാണ് ‘അമ്മ നിൽക്കേണ്ടത് എന്നുമാണ് എതിർക്കുന്നവരുടെ വാദം. എന്നാൽ ദിലീപ് ആണ് കുറ്റക്കാരൻ എന്ന് കോടതി വിധിച്ചിട്ടില്ലാത്തതു കൊണ്ട് അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ ആവില്ലെന്നും ചില ‘അമ്മ അംഗങ്ങൾ പറയുന്നു.
ഏതായാലും ഇപ്പോൾ ഈ വിഷയത്തിൽ ശക്തമായ പ്രതികരണവുമായി ദിലീപ് മുന്നോട്ട് വന്നു കഴിഞ്ഞു. ‘അമ്മ ജനറൽ സെക്രട്ടറി ആയ ഇടവേള ബാബുവിന് അയച്ച കത്തിലാണ് ദിലീപ് ഈ വിഷയത്തിലെ തന്റെ നിലപാട് വിശദമാക്കുന്നത്. തന്നെ പുറത്താക്കിയ വിവരം ‘അമ്മ പുനഃപരിശോധിച്ചതിൽ സന്തോഷം ഉണ്ടെങ്കിലും താൻ അമ്മയിലേക്കു ഇപ്പോൾ മടങ്ങി വരുന്നില്ല എന്നാണ് ദിലീപ് പറയുന്നത്. ഫെഫ്കയ്ക്കു താൻ നേരത്തെ അയച്ച കത്തിലും ഈ കാര്യം വ്യക്തമാക്കിയിരുന്നു. ഈ കേസ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതിനാൽ, ഇതിലെ തന്റെ നിരപരാധിത്വം തെളിയിച്ചു കുറ്റ വിമുക്തൻ ആയതിനു ശേഷമേ താൻ തിരിച്ചു വരുന്ന കാര്യം ആലോചിക്കൂ എന്നും ദിലീപ് പറയുന്നു. തന്റെ പേര് പറഞ്ഞു ഒരുപാട് കലാകാരന്മാർക്ക് നല്ലതു ചെയ്യുന്ന ‘അമ്മ എന്ന സംഘടനയെ മറ്റുള്ളവർ പഴി ചാരുന്നതിൽ വിഷമമുണ്ടെന്നും പുതിയ കമ്മിറ്റിക്കു എല്ലാ ആശംസകളും നേരുന്നു എന്നും ദിലീപ് കത്തിൽ പറഞ്ഞു നിർത്തുന്നു.