പ്രശസ്ത നടനും സംവിധായകനും രചയിതാവുമായ ധ്യാൻ ശ്രീനിവാസൻ തന്റെ അഭിമുഖങ്ങളിലും പ്രസ് മീറ്റുകളിലും പറയുന്ന അഭിപ്രായങ്ങൾ ഇപ്പോഴും വലിയ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഇപ്പോൾ മലയാള സിനിമയിൽ ചർച്ചയായി നിൽക്കുന്ന തുല്യ വേതനം എന്ന വിവാദത്തെ കുറിച്ചദ്ദേഹം പറയുന്ന വാക്കുകളും പ്രേക്ഷകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്, സ്ത്രീയോ പുരുഷനോ എന്ന ഭേദമില്ലാതെ തുല്യ വേതനം അര്‍ഹിക്കുന്നുണ്ടെന്ന് നടി അപര്‍ണ ബാലമുരളി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താരമൂല്യം അനുസരിച്ചാണ് സിനിമയില്‍ പ്രതിഫലം നല്‍കേണ്ടതെന്നാണ് ധ്യാൻ പറയുന്നത്. സിനിമയിൽ ബിസിനസ് നടക്കുന്നത് പുരുഷന്മാരുടെ പേരിലാണെന്നും, അത്കൊണ്ട് തന്നെ നടിമാര്‍ മൂലം ബിസിനസ് നടക്കുമ്പോൾ മാത്രമാണ് അവര്‍ക്ക് തുല്യ വേതനം അവകാശപ്പെടാനാവുകയെന്നും അദ്ദേഹം പറഞ്ഞു.
തമിഴിൽ നയൻതാര, മലയാളത്തിൽ മഞ്ജു വാര്യർ എന്നിവർക്ക് തങ്ങളുടെ സ്വന്തം പേരിൽ ബിസിനസ്സ് നേടിക്കൊടുക്കാനുള്ള താരമൂല്യമുണ്ടെന്നും അത്കൊണ്ട് അവർക്കു വലിയ പ്രതിഫലം കിട്ടുമെന്നും ധ്യാൻ വിശദീകരിച്ചു. ഇത് പുരുഷാധിപത്യമുള്ള ഇന്‍ഡസ്ട്രിയാണ് എന്നും ധ്യാൻ പറയുന്നുണ്ട്. സ്വന്തമായി ഒരു സിനിമ വിജയിപ്പിക്കാന്‍ കഴിയുമ്പോഴാണ് താരമൂല്യം വർധിക്കുന്നതും പ്രതിഫലം കൂടുതൽ ലഭിക്കുന്നതെന്നും ധ്യാൻ കൂട്ടിച്ചേർത്തു. മലയാളത്തിൽ നിലവിൽ അതിനു സാധിക്കുന്ന നടി മഞ്ജു വാര്യർ ആണെന്നും ധ്യാൻ പറയുന്നു. ഇതേ അഭിപ്രായം തന്നെ നേരത്തെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും പങ്കു വെച്ചിരുന്നു. അതുപോലെ മലയാളത്തിലെ പ്രശസ്ത നിർമ്മാതാവായ ജി സുരേഷ് കുമാറും ഈ വിഷയത്തിൽ അപർണ ബാലമുരളിയുടെ പ്രസ്താവനയോട് വിയോജിച്ചു കൊണ്ട് മുന്നോട്ടു വന്നിരുന്നു. സ്വന്തം പേരിൽ സിനിമ വിജയിപ്പിക്കാനും പ്രേക്ഷകരെ തീയേറ്ററുകളിലേക്കു ആകർഷിക്കാനും കഴിയുമ്പോഴാണ് താരമൂല്യം ഉണ്ടാവുകയെന്നും, ഒരേ ജോലി ചെയ്യുന്ന എല്ലാവർക്കും ഒരേ പ്രതിഫലമെന്നത് സിനിമയിൽ നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.