തമിഴകത്തിന്റെ സൂപ്പർ താരങ്ങളിൽ ഒരാളായ ചിയാൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രം നായകനായി അരങ്ങേറ്റം കുറിക്കുകയാണ്. വിജയ് ദേവാരക്കോണ്ട നായകനായി അഭിനയിച്ചു സൂപ്പർ ഹിറ്റായ തെലുങ്കു സിനിമ അർജുൻ റെഡ്ഢിയുടെ തമിഴ് റീമേക് ആയ ആദിത്യ വർമ്മയിലൂടെ ആണ് ധ്രുവ് വിക്രം അരങ്ങേറ്റം കുറിക്കുന്നത്. ഗിരീശായ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഇ ഫോർ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ മുകേഷ് ആർ മെഹ്ത ആണ്. ബെനീറ്റ സന്ധു ആണ് ഈ ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത്. ഉടൻ തന്നെ റിലീസിന് എത്തുന്ന ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം വിക്രമും മകനും കേരളത്തിൽ എത്തിയിരുന്നു. അതിനിടയിൽ ആണ് മലയാള സിനിമയിലെ തന്റെ ഇഷ്ടതാരങ്ങളെ കുറിച്ച് ധ്രുവ് വിക്രം മനസ്സ് തുറന്നത്.
മലയാളത്തിൽ തനിക്കു ഏറ്റവും ഇഷ്ടം യുവ താരം ദുൽഖർ സൽമാനെ ആണെന്നാണ് ധ്രുവ് വിക്രം പറയുന്നത്. അതോടൊപ്പം മമ്മൂട്ടി സാറിനെയും മോഹൻലാൽ സാറിനെയും ഇഷ്ടമാണ് എന്നും ധ്രുവ് വിക്രം പറയുന്നു. മമ്മൂട്ടിക്കൊപ്പം ചെറിയ വേഷങ്ങളിൽ മലയാളത്തിൽ അഭിനയിച്ചിട്ടുള്ള നടൻ ആണ് വിക്രം. എന്നാൽ മോഹൻലാലിനൊപ്പം വിക്രം ഇതുവരെ അഭിനയിച്ചിട്ടില്ല. മകൻ ധ്രുവ് വിക്രം മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും ദുൽഖറിന്റേയും ആരാധകൻ ആണെങ്കിൽ അച്ഛൻ വിക്രമും വിക്രമിന്റെ ഭാര്യയും കടുത്ത മോഹൻലാൽ ആരാധകരാണ് എന്നതാണ് കൗതുകകരമായ കാര്യം. ആദിത്യ വർമ്മയിലൂടെ ഗംഭീര തുടക്കം നേടാൻ കഴിയും എന്ന് തന്നെയാണ് ധ്രുവ് കരുതുന്നത്. അർജുൻ റെഡ്ഢിയുടെ ഹിന്ദി റീമേക് ആയ കബീർ സിംഗ് അതിൽ നായകനായി എത്തിയ ഷാഹിദ് കപൂറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയം ആയി മാറിയിരുന്നു.