![](https://i0.wp.com/onlookersmedia.com/wp-content/uploads/2017/12/dharmjan-ajith-from-arappukottai-images-photos-stills.jpg?fit=1024%2C592&ssl=1)
തമിഴിൽ നാദിർഷ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അജിത് ഫ്രം അറുപ്പുക്കോട്ടൈ’. മലയാളത്തില്‍ ഹിറ്റായ ‘കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍’ എന്ന ചിത്രത്തിന്റെ റീമേക്കാണിത്. നാദിർഷയോടൊപ്പം ധർമജനും തന്റെ തമിഴകത്തേക്കുള്ള അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. മലയാളത്തിൽ അവതരിപ്പിച്ച അതേ കഥാപാത്രം തന്നെയാണ് ധർമജൻ തമിഴിലും അവതരിപ്പിക്കുന്നത്. തമിഴിലെ പ്രശസ്ത അവതാരകനാണ് നായകവേഷത്തിൽ എത്തുന്നതെന്നാണ് സൂചന.
മലയാളത്തില്‍ സിദ്ദിഖ് അവതരിപ്പിച്ച വേഷം വിവേക് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. തമിഴിൽ നിന്നുള്ള താരങ്ങൾ തന്നെയാകും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് സൂപ്പർതാരം അജിത്തിനെപ്പോലെ സുന്ദരനാണെന്ന് കരുതുന്ന ചെറുപ്പക്കാരന്റെ കഥയാണ് ‘അജിത് ഫ്രം അറുപ്പുക്കോട്ടൈ’ പറയുന്നത്. പൊള്ളാച്ചിയിലും പരിസരപ്രദേശങ്ങളിലും ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്.
സംഗീതരംഗത്തും മിമിക്രിരംഗത്തും സജീവസാന്നിധ്യമായിരുന്ന നാദിർഷ പൃഥിരാജ്, ജയസൂര്യ, ഇന്ദ്രജിത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി ഒരുക്കിയ ‘അമർ അക്ബർ ആന്റണി’ എന്ന ചിത്രത്തിലൂടെയാണ് സംവിധാനരംഗത്തേക്ക് ചുവടുവെച്ചത്. തുടർന്ന് വിഷ്‌ണു ഉണ്ണികൃഷ്ണനെ നായകനാക്കി ‘കട്ടപ്പനയിലെ ഹൃതിക് റോഷൻ’ എന്ന ചിത്രവും സംവിധാനം ചെയ്‌തു. സംവിധാനത്തിന് പുറമെ സംഗീത സംവിധാനരംഗത്തും നാദിർഷായ്ക്ക് തിരക്കേറുകയാണ്. നാല് പുതിയ പ്രോജക്ടുകൾക്കാണ് നാദിർഷ സംഗീതം നൽകാനൊരുങ്ങുന്നത്.