വീണ്ടുമൊരു ജയറാം ചിത്രം കൂടി പ്രദർശന ശാലകളിൽ ഉത്സവം തീർക്കുന്ന കാഴ്ചയാണ് ഇപ്പോൾ നമ്മൾ കാണുന്നത്. കുറെ നാളുകൾക്കു ശേഷമാണു ഒരു ജയറാം ചിത്രം ഏവരും ഒരേ മനസ്സോടെ ഏറ്റെടുക്കുന്നതും ആഘോഷിക്കുന്നതും. രമേശ് പിഷാരടിയുടെ ആദ്യ സംവിധാന സംരംഭമായ പഞ്ചവർണ്ണതത്തയാണ് ഈ വിഷുക്കാലത്തു പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ചിത്രമെന്ന് സംശയമൊന്നുമില്ലാതെ തന്നെ പറയാം നമ്മുക്ക്. പൊട്ടിച്ചിരിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ നിറഞ്ഞ ഈ ചിത്രം മനസ്സിൽ തൊടുന്ന സന്ദർഭങ്ങളാലും പ്രേക്ഷകരെ ആകർഷിക്കുന്നു. ജയറാമിനൊപ്പം കുഞ്ചാക്കോ ബോബനും തകർത്താടിയ ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടുന്നത് ജയറാം- ധർമജൻ കൂട്ടുകെട്ടിന്റെ കോമഡികൾ ആണ്.
ആദ്യമായാണ് ജയറാം- ധർമജൻ ടീം ഇങ്ങനെ ഒരുമിച്ചു തകർത്താടുന്ന ഒരു ചിത്രം എത്തിയിരിക്കുന്നത്. ഇരുവരുടെയും ഡയലോഗുകളും ഭാവ പ്രകടനങ്ങളും പരസ്പരമുള്ള കൊടുക്കൽ വാങ്ങലുകളുമെല്ലാം കയ്യടികളോടെയാണ് ജനങ്ങൾ സ്വീകരിക്കുന്നത്. ധർമജൻ ഇപ്പോൾ മലയാള സിനിമയിലെ നിറ സാന്നിധ്യമായി മാറി കഴിഞ്ഞു. ഈ ചിത്രത്തിലെ ഒരു ഗാന രംഗത്തിൽ മൂന്നിലധികം ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ട് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ധര്മജനെ നമ്മുക്ക് കാണാൻ സാധിക്കും . ഇവർക്കൊപ്പം സലിം കുമാർ, പ്രേം കുമാർ, അനുശ്രീ, അശോകൻ, മണിയൻ പിള്ള രാജു തുടങ്ങി പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചു കൊണ്ട് ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണി നിരന്നിട്ടുണ്ട്. രസകരമായ സംഭാഷണങ്ങളും തിരക്കഥയും ഈ ചിത്രത്തിനായി ഒരുക്കിയ രമേശ് പിഷാരടിയും ഹരി പി നായരും അഭിനന്ദനം അർഹിക്കുന്നു. ഈ സമ്മർ വെക്കേഷനിൽ റിലീസ് ചെയ്ത കുട്ടനാടൻ മാർപാപ്പ എന്ന ചിത്രത്തിലും ഗംഭീര പെർഫോമൻസ് ആണ് ധർമജൻ നൽകിയത്.