![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/12/debutant-malayalam-directors-of-2020-2.jpg?fit=1024%2C592&ssl=1)
കോവിഡിനിടയിലും 2020ൽ മലയാള സിനിമയിൽ തുടക്കം കുറിച്ചത് ഇരുപതിലധികം നവാഗത സംവിധായകർ. എന്നാൽ ഇവരിൽ ശ്രദ്ധേയമായാത് നാലുപേർ മാത്രമാണ്. മലയാളത്തിലെ പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ, നടനും ദേശിയ പുരസ്‌കാര ജേതാവുമായ മുഹമ്മദ് മുസ്തഫ, അഖിൽ പോൾ, അനാസ് ഖാൻ എന്നിവരാണ് ഈ നാല് പേർ. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് അനൂപ് സത്യൻ സംവിധാനരംഗത്തേക്ക് ചുവടുവെച്ചത്. സുരേഷ് ഗോപി, ദുൽഖർ സൽമാൻ, ശോഭന, കല്യാണി പ്രിയദർശൻ, ഉർവശി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നീണ്ട അഞ്ചു വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയെ മികച്ചൊരു കഥാപാത്രത്തിലൂടെ തിരിച്ചെത്തിക്കാനും അനൂപിന് കഴിഞ്ഞു. ദുൽഖർ സൽമാൻ നിർമ്മാതാവായി എത്തിയ ചിത്രം കൂടിയായിരുന്നു ഇത്. സത്യൻ അന്തിക്കാട് ചിത്രങ്ങളുടെ ശ്രേണിയിൽ ഒരുക്കിയ ചിത്രം കുടുംബ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഒന്നാണ്.
മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്‌ത ചിത്രമായിരുന്നു ‘കപ്പേള’. അന്ന ബെൻ, റോഷൻ മാത്യു, ശ്രീനാഥ് ഭാസി തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മാർച്ച് ആദ്യ വാരത്തിൽ തീയേറ്ററിൽ റിലീസ് ചെയ്‌തെങ്കിലും ലോക്ക് ഡൗൺ തുടങ്ങിയതോടെ ചിത്രം തിയറ്ററുകളിൽ നിന്ന് പിൻവലിച്ചു. പിന്നീട് ഒടിടി റിലീസ് ചെയ്തപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിൽ മുഹമ്മദ് മുസ്തഫയും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇരട്ട സംവിധായകന്മാരായ അഖിൽ പോളും അനാസ് ഖാനും ചേർന്നൊരുക്കിയ ത്രില്ലർ ചിത്രമായിരുന്നു ഫോറൻസിക്. ടോവിനോ തോമസ്, മംമ്ത മോഹൻദാസ്, റെബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു ത്രില്ലർ എന്ന രീതിയിൽ പ്രേക്ഷകരെ ത്രസിപ്പിക്കാൻ ഇരുവർക്കും സാധിച്ചു. സച്ചി, മിഥുൻ മാനുവൽ തോമസ്, സക്കറിയ മുഹമ്മദ്, ഷാനവാസ് നരണിപ്പുഴ, മഹേഷ് നാരായണൻ, തുടങ്ങിയ സംവിധായകരുടെ മികച്ച സൃഷ്ടികളും ഈ വർഷം മലയാള സിനിമയിൽ പിറന്നിരുന്നു. കോവിഡിന്റെ ആശങ്കകൾക്കിടയിലും മലയാളി പ്രേക്ഷകർ മികച്ച ചിത്രങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ച്ചയാണ് 2020 കണ്ടത്.
![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/12/debutant-malayalam-directors-of-2020-1.jpg?resize=1024%2C592)