സിനിമയെ വിമർശിക്കുന്നവർ സിനിമയെ കുറിച്ച് പഠിക്കുക കൂടി ചെയ്യണം; സോഷ്യൽ മീഡിയയിൽ ചർച്ചയായി അഞ്ജലി മേനോന്റെ വാക്കുകൾ

Advertisement

പ്രശസ്ത സംവിധായിക അഞ്ജലി മേനോൻ തന്റെ പുത്തൻ ചിത്രവുമായി എത്തുകയാണ്. മഞ്ചാടിക്കുരു എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച അഞ്ജലി മേനോൻ, അതിനു ശേഷം രഞ്ജിത് ഒരുക്കിയ കേരളാ കഫേ എന്ന ആന്തോളജി ചിത്രത്തിലെ ഹാപ്പി ജേർണി എന്ന ഭാഗവും, ബാംഗ്ലൂർ ഡേയ്സ്, കൂടെ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്ത് ശ്രദ്ധ നേടിയ ആളാണ്. ഇപ്പോൾ വണ്ടർ വുമൺ എന്ന ചിത്രമൊരുക്കിക്കൊണ്ടാണ് അഞ്ജലി മേനോൻ എത്തുന്നത്. നദിയ മൊയ്ദു, പാർവതി തിരുവോത്ത്, നിത്യ മേനോൻ, പദ്മ പ്രിയ, അർച്ചന പദ്മിനീ, സയനോര തുടങ്ങിയവർ വേഷമിടുന്ന ഈ ചിത്രം നേരിട്ടുള്ള ഒടിടി റിലീസായി സോണി ലിവിൽ ആണ് എത്തുക. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ സിനിമാ നിരൂപകരെ കുറിച്ച് അഞ്ജലി മേനോൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമയെ വിമർശിക്കുന്നതിനോ, നിരൂപണം ചെയ്യുന്നതിനോ മുൻപ് അതേ കുറിച്ച് പഠിക്കുന്നത് നന്നായിരിക്കുമെന്നാണ് അഞ്ജലി മേനോൻ പറയുന്നത്.

സിനിമയുടെ എഡിറ്റിംഗ് പോലെയുള്ള സാങ്കേതികമായ കാര്യങ്ങളെ കുറിച്ചൊന്നും ധാരണയില്ലാത്ത ആളുകൾ അതേ കുറിച്ചൊക്കെ പറയുന്നത് കാണുമ്പോൾ തനിക്ക് ചിരിയാണ് വരുന്നതെന്നും അഞ്ജലി മേനോൻ പറയുന്നു. നല്ല വിമർശനങ്ങൾ വേണമെന്നും, അതിനെ എന്നും സ്വീകരിക്കുമെന്നും അഞ്ജലി മേനോൻ പറയുന്നു. എന്നാൽ സിനിമ എങ്ങനെ ഉണ്ടാക്കുന്നു എന്ന പ്രക്രിയയെ കുറിച്ച്, അല്പമെങ്കിലും പഠിക്കുകയും അറിവുണ്ടാക്കുകയും ചെയ്തിട്ട് വേണം സിനിമയെ വിമർശിക്കാനോ അതിനെ നിരൂപണം ചെയ്യാനോ ശ്രമിക്കേണ്ടതെന്നാണ് അഞ്ജലി മേനോൻ സൂചിപ്പിക്കുന്നത്. ഇതിനോട് സമാനമായ അഭിപ്രായം കഴിഞ്ഞ വർഷം മോഹൻലാൽ, ഈ വർഷം കന്നഡ സംവിധായകൻ പ്രശാന്ത് നീൽ എന്നിവരും പറഞ്ഞിരുന്നു. സംവിധായകൻ ലാൽ ജോസ്, റോഷൻ ആൻഡ്രൂസ് എന്നിവരും സിനിമാ നിരൂപണ പ്രക്രിയയെ കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close