ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ടീമിൽ വളരെ കുറച്ചു മലയാളികൾ മാത്രമേ കളിച്ചിട്ടുള്ളു. അവരിൽ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള താരമാണ് എസ് ശ്രീശാന്ത്. ഇന്ത്യക്കു വേണ്ടി ലോകകപ്പ് നേടിയ ട്വന്റി ട്വന്റി ടീമിലും ഏകദിന ടീമിലും അംഗമായ ശ്രീശാന്ത് ആ രണ്ടു ലോക കപ്പിന്റെയും ഫൈനലിലും ഇന്ത്യൻ ജേഴ്സിയണിഞ്ഞ താരമാണ്. ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ശ്രീശാന്ത് ഐപിൽ മത്സരങ്ങളിലും തിളങ്ങി. ഇപ്പോഴിതാ ഒരിടവേളക്ക് ശേഷം ക്രിക്കറ്റിലേക്കു മടങ്ങി വരാനൊരുങ്ങുകയാണ് ശ്രീശാന്ത്. ക്രിക്കറ്റിൽ നിന്നും മാറി നിന്ന ഇടവേളയിൽ ടെലിവിഷൻ അവതാരകനായും റിയാലിറ്റി ഷോ മത്സരാർഥിയായും പ്രത്യക്ഷപ്പെട്ട ശ്രീശാന്ത് സിനിമകളിൽ നായകനായും വില്ലനായും വരെ അഭിനയിച്ചു. മലയാളം, ഹിന്ദി, കന്നഡ സിനിമകളിൽ ആണ് ശ്രീശാന്ത് അഭിനയിച്ചത്. ഇപ്പോഴിതാ ചെറുപ്പം മുതലേ താൻ മനസ്സിൽ സൂക്ഷിച്ച തന്റെ ഒരു വലിയ ആഗ്രഹത്തെക്കുറിച്ചു തുറന്നു പറയുകയാണ് ശ്രീശാന്ത്. മലയാളത്തിന്റെ അഭിമാനമായ സൂപ്പർ താരം മോഹൻലാലിന്റെ കടുത്ത ആരാധകനാണ് താൻ എന്ന് ക്രിക്കറ്റ് കളിക്കുന്ന കാലത്തു തന്നെ ശ്രീശാന്ത് തുറന്നു പറഞ്ഞിട്ടുണ്ട്.
ചെറുപ്പം മുതലേയുള്ള ആഗ്രഹം അദ്ദേഹത്തോടൊപ്പം ഒരു ആക്ഷൻ സിനിമയിൽ അല്ലെങ്കിൽ രംഗത്തിൽ അഭിനയിക്കുക എന്നതാണെന്നാണ് ശ്രീശാന്ത് പറയുന്നത്. ഇരുപതാം നൂറ്റാണ്ട് ആണ് തനിക്കു ഏറ്റവുമിഷ്ടമുള്ള മോഹൻലാൽ ചിത്രങ്ങളിൽ ഒന്നെന്നും രാജാവിന്റെ മകൻ, കിരീടം, മമ്മൂട്ടി അഭിനയിച്ച അമരം എന്നിവയെല്ലാം തന്റെ പ്രീയപ്പെട്ട മലയാള ചിത്രങ്ങൾ ആണെന്നും ശ്രീശാന്ത് പറയുന്നു. ചെറുപ്പത്തിൽ ആദ്യമായി കണ്ട ചിത്രങ്ങൾ രാജാവിന്റെ മകൻ, ഇരുപതാം നൂറ്റാണ്ട് എന്നിവയാണെന്നും അന്ന് മുതൽ തന്നെ ലാലേട്ടന്റെ ഒപ്പം ഒരു ആക്ഷൻ സീനിലെങ്കിലും അഭിനയിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നെന്നും ശ്രീശാന്ത് പറയുന്നു. ടീം ഫൈവ്, അക്‌സർ 2 , ക്യാബറേറ്റ്, കെമ്പെ ഗൗഡ 2 എന്നീ ചിത്രങ്ങളിലാണ് ശ്രീശാന്ത് ഇതുവരെ അഭിനയിച്ചിട്ടുള്ളത്.