പൃഥ്വിരാജ് സുകുമാരനൊപ്പം കേരളത്തിൽ എത്തിയ ആട് ജീവിതം ഷൂട്ടിംഗ് സംഘത്തിലെ അംഗത്തിന് കോവിഡ്..!

Advertisement

കഴിഞ്ഞ മാസം അവസാനമാണ് ജോർദാനിൽ ഷൂട്ടിങ്ങിനു പോയ ആട് ജീവിതം സിനിമാ സംഘം കേരളത്തിൽ തിരിച്ചെത്തിയത്. ചിത്രത്തിലെ നായകൻ പൃഥ്വിരാജ് സുകുമാരൻ, സംവിധായകൻ ബ്ലെസി എന്നിവരടക്കം അൻപതോളം പേര് ആ ഷൂട്ടിംഗ് സംഘത്തിൽ ഉണ്ടായിരുന്നു. മാർച്ച് മാസത്തിൽ അവർ പോയിക്കഴിഞ്ഞാണ് ഇന്ത്യയിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത് എന്നതിനാൽ തന്നെ ആ സമയത്തൊന്നും അവർക്കു തിരിച്ചെത്താൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല, ഏകദേശം ഒരു മാസത്തോളം ഷൂട്ടിംഗ് പോലും മുടങ്ങി ഷൂട്ടിംഗ് സംഘം അവിടെ കുടുങ്ങി കിടക്കുകയായിരുന്നു. ഏതായാലും നാട്ടിലെത്തിയ വഴി തന്നെ എല്ലാവരും സർക്കാർ നിർദേശ പ്രകാരം ക്വറന്റീനിൽ പോയിരുന്നു. എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ പറയുന്നത് അവർക്കൊപ്പം നാട്ടിൽ തിരിച്ചെത്തിയ ഒരു അംഗത്തിന് കോവിഡ് 19 സ്ഥിതീകരിച്ചു എന്നാണ്. മലപ്പുറം സ്വദേശിയാണ് ഇദ്ദേഹമെന്നും വാർത്തകളുണ്ട്.

ആടു ജീവിതം ടീമിനൊപ്പം ഭാഷാ സഹായിയായി ഉണ്ടായിരുന്ന ആള്‍ക്കാണ് രോഗബാധ എന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ നമ്മളോട് പറയുന്നത്. പൃഥ്വിരാജും സംഘവും കൊച്ചിയില്‍ തിരിച്ചെത്തിയ വിമാനത്തിലാണ് ഇദ്ദേഹവും ഉണ്ടായിരുന്നത്. എടപ്പാള്‍ കൊവിഡ് കെയര്‍ സെന്ററിലും വീട്ടിലും നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് മഞ്ചേരി കൊവിഡ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോൾ. ഫോര്‍ട്ട് കൊച്ചിയില്‍ ക്വറന്റൈന് ശേഷം വീട്ടില്‍ ക്വറന്റൈനിലായ പൃഥ്വിരാജ് തന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് റിസല്‍ട്ട് ഉള്‍പ്പെടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതും ഇന്നലെയായിരുന്നു. സംവിധായകൻ ബ്ലെസ്സി ഇപ്പോൾ വീട്ടിൽ ക്വറന്റീനിൽ ആണ്. ഏതായാലും ഷൂട്ടിംഗ് സംഘത്തിലെ ഒരാൾക്ക് കോവിഡ് സ്ഥിതീകരിച്ചതോടെ ആ സംഘത്തിലെ എല്ലാവരെയും വീണ്ടും ടെസ്റ്റുകൾക്കു വിധേയരാക്കുമെന്നാണ് സൂചന.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close