കൂടത്തായ്; മോഹൻലാൽ ചിത്രത്തിനും സീരിയലിനും എതിരെ കോടതി നോട്ടീസ്

Advertisement

കേരള സമൂഹത്തിൽ വലിയ ചർച്ച ആയി മാറിയ കൂടത്തായ് കൊലപാതക പരമ്പരക്കേസിനെ ആധാരമാക്കി സിനിമകളും സീരിയലും ഒരുങ്ങുന്ന വിവരം മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ അങ്ങനെ ഒരുക്കാൻ പോകുന്ന സിനിമകളുടെയും സീരിയലുകളുടെയും നിര്‍മ്മാതാക്കള്‍ക്ക് താമരശേരി മുന്‍സിഫ് കോടതിയുടെ നോട്ടീസ്‌ ലഭിച്ചിരിക്കുകയാണ്. ഈ കേസിലെ മുഖ്യപ്രതിയായ ജോളി തോമസിന്റെ മക്കളായ റെമോ റോയ്, റെനോള്‍ഡ്, ഇവരുടെ പിതൃസഹോദരി റെഞ്ജി വില്‍സണ്‍ എന്നിവര്‍ അഭിഭാഷകന്‍ മുഹമ്മദ് ഫിര്‍ദൗസ് മുഖേന നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇപ്പോൾ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയല്‍, ഫ്‌ളവേഴ്‌സ് ടിവി തുടങ്ങിയ കക്ഷികള്‍ക്കാണ് കോടതി നോട്ടീസ് അയച്ചത് എന്നാണ് വിവരം. ഈ വരുന്ന ജനുവരി 13 ന് ആന്റണി പെരുമ്പാവൂര്‍ അടക്കമുള്ള നിര്‍മ്മാതാക്കള്‍ കോടതിയില്‍ ഹാജരാകണം എന്നാണ് കോടതിയുടെ നിർദേശം.

ഈ കേസിൽ കൊല്ലപ്പെട്ട റോയ് തോമസിന്റെയും, അദ്ദേഹത്തിന്റെ ഭാര്യയും ഈ കേസിലെ ഒന്നാം പ്രതിയുമായ ജോളി തോമസിന്റെയും മക്കളാണ് ഇപ്പോൾ ഹർജി കൊടുത്തിരിക്കുന്നത്. 20 വയസ്സുള്ള റമോ റോയിയും 15 വയസ്സുള്ള റെനോള്‍ഡ് റോയിയും ആണ് ഹർജിക്കാർ. റോയ് തോമസിന്റെ സഹോദരിയായ റെഞ്ചി വില്‍സനും ഇതിൽ ഹര്ജിക്കാരി ആണ്. ഇപ്പോൾ തന്നെ റെമോ റോയ്, റെനോള്‍ഡ് റോയ് എന്നിവര്‍ വലിയ മാനസിക സംഘര്‍ഷത്തിലൂടെ ആണ് കടന്നു പോകുന്നത് എന്നും, ഇനി കൂടുതൽ കൂട്ടിച്ചേർക്കലുകൾ നടത്തി ഈ സംഭവത്തെ ആസ്പദമാക്കി സിനിമകളും സീരിയലുകളും ഒരുക്കിയാൽ, അത് ഇവരെ കൂടുതല്‍ ഒറ്റപ്പെടുത്തുകയും ഇവരുടെ മാനസിക ഭാവി തകര്‍ക്കുകയും ചെയ്യുമെന്ന് പറഞ്ഞു കൊണ്ടാണ് ഹർജി നൽകിയിരിക്കുന്നത്.

Advertisement

മോഹന്‍ലാൽ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന ഒരു ചിത്രം ഈ കേസിനെ ആസ്പദമാക്കി ആശിര്‍വാദ് സിനിമാസ്‌ ഉടമ ആന്റണി പെരുമ്പാവൂര്‍ നിർമ്മിക്കും എന്നു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനൊപ്പം ചലച്ചിത്ര നടിയും വാമോസ് മീഡിയ ഉടമകളിലൊരാളുമായ ഡിനി ഡാനിയേല്‍ ജോളി എന്ന പേരില്‍ ഇതേ കേസ് ആസ്പദമാക്കി ഒരു സിനിമയുടെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇത് കൂടാതെ ഫ്‌ളവേഴ്‌സ് ടിവിയുടെ കൂടത്തായ് എന്ന പേരിൽ ഒരുക്കിയ പരമ്പര ഈ വരുന്ന തിങ്കളാഴ്ച മുതൽ സംപ്രേക്ഷണം ചെയ്യാനിരിക്കുകയുമാണ്. ഈ കേസിലെ വിചാരണ തുടങ്ങും മുന്‍പേ സിനികളും സീരിയലുകളും പ്രഖ്യാപിക്കപ്പെടുകയായിരുന്നു എന്നതും ഹർജിക്കാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട് എന്നാണ് വിവരം. ഇതിൽ മോഹൻലാൽ നായകനാവുന്ന ചിത്രം ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചിട്ടില്ല എന്നു മാത്രമല്ല ഇതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും തന്നെ തുടങ്ങിയിട്ടില്ല. എന്നാൽ ഡിനി ഡാനിയൽ, ഫ്ലവർസ് ടി വി എന്നിവർ നിർമ്മാണം തുടങ്ങിയ സ്ഥിതിക്ക് ഇത് നിർത്തി വെച്ചാൽ വലിയ സാമ്പത്തിക നഷ്ടം ആവും അവരെ കാത്തിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close