സംസ്ഥാന ചലച്ചിത്ര അവാർഡിൽ വിവാദം കത്തുന്നു; പരാതി നൽകി സംഘടനകൾ രംഗത്ത്.!

Advertisement

2020 ലെ മലയാള സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചത് കഴിഞ്ഞ ആഴ്ചയാണ്. പ്രശസ്ത നടിയും സംവിധായികയുമായ സുഹാസിനിയുടെ നേതൃത്വത്തിൽ ഉള്ള ജൂറിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. വെള്ളം, കപ്പേള എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് യഥാക്രമം ജയസൂര്യ, അന്ന ബെൻ എന്നിവർ മികച്ച നടനും നടിയുമായപ്പോൾ, ജിയോ ബേബി ഒരുക്കിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച ചിത്രവും എന്നിവർ എന്ന ചിത്രം ഒരുക്കിയ സിദ്ധാർഥ് ശിവ മികച്ച സംവിധായകനുമായി. എന്നാൽ അതിനു ശേഷമാണു വിവാദങ്ങൾ പൊട്ടി പുറപ്പെട്ടത്. മികച്ച സംവിധായകനുള്ള അവാർഡ് നേടിയ ചിത്രത്തിനെതിരെ ജൂറി അംഗം കൂടിയായ സംവിധായകൻ എൻ ശശിധരൻ രംഗത്ത് വന്നു. മികച്ച സംവിധായകനുള്ള അവാർഡ് നേടിയ സിനിമ നിർമിച്ചത് മതമൗലികവാദികളുടെ ഫണ്ട് ഉപയോഗിച്ചാണ് എന്നായിരുന്നു ശശിധരന്റെ വിവാദമായ പ്രസ്താവന. അതിനെതിരെ പ്രതികരിച്ചു കൊണ്ട് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, ശശിധരന് എതിരെ ചലച്ചിത്ര അക്കാദമിയിൽ പരാതി നൽകുകയും ചെയ്തു.

പരാതി നൽകിയ സാഹചര്യം ഗൗരവമായാണ് അക്കാദമി കാണുന്നത് എന്നും വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി തുടർനടപടികളിലേക്ക് കടക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നും അക്കാദമി വ്യക്തമാക്കി. മതമൗലികവാദം പോലെയുള്ള വിഷയങ്ങൾ വന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് സിനിമാരംഗത്തുള്ളവർ അഭിപ്രായപ്പെടുന്നത്. കുറ്റമറ്റരീതിയിൽ മുന്നോട്ടുപോയ അവാർഡ് നിർണയത്തിന്റെ അവസാനം, ജൂറി അംഗത്തിൽ നിന്നു തന്നെ വിവാദങ്ങൾ പൊട്ടിപുറപ്പെട്ടതിൽ ഉള്ള അതൃപ്തിയും അക്കാദമി പ്രകടിപ്പിച്ചിട്ടുണ്ട്. അവാർഡ് നിർണയസമയത്ത് പല അംഗങ്ങൾക്കും ഉള്ള വ്യത്യസ്തമായ അഭിപ്രായങ്ങൾ, ജൂറിയുടെ അകത്ത് ജനാധിപത്യരീതിയിൽ ചർച്ച ചെയ്താണ് വിധി നിർണ്ണയത്തിൽ എത്തുന്നത് എന്നും, അതിനു ശേഷം പുറത്തുവന്ന് ജൂറി അംഗം തന്നെ അതിനെ വിമർശിക്കുന്നത് ശരിയല്ല എന്നും, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ജി എസ് വിജയൻ പറയുന്നു. മാത്രമല്ല, അവാർഡിന് സമർപ്പിക്കപ്പെടുന്ന സിനിമകളുടെ മൗലികത സംബന്ധിച്ച്, സമീപകാലത്തുണ്ടായ വിവാദങ്ങളും അക്കാദമി ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close