കടുവാക്കുന്നേൽ കുറുവച്ചൻ വിവാദത്തിനു തിരശീല

Advertisement

കടുവാക്കുന്നേൽ കുറുവച്ചൻ എന്ന യഥാർത്ഥ കഥാപാത്രത്തെ ആസ്പദമാക്കി രണ്ടു ചിത്രങ്ങൾ പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്കു തിരശീല വീഴുന്നു. പൃഥ്വിരാജ് സുകുമാരൻ, സുരേഷ് ഗോപി എന്നിവരെ നായകന്മാരാക്കിയാണ് രണ്ടു ചിത്രങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്. ജിനു എബ്രഹാം തിരക്കഥ ഒരുക്കി ഷാജി കൈലാസ്- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കടുവ എന്ന ചിത്രവും, സുരേഷ് ഗോപിയെ നായകനാക്കി ടോമിച്ചൻ മുളകുപാടം നിർമ്മിച്ച് മാത്യൂസ് തോമസ് ഒരുക്കാൻ പോകുന്ന ചിത്രവുമാണ് വിവാദത്തിൽ പെട്ടത്. ഷിബിൻ ഫ്രാൻസിസ് ആണ് സുരേഷ് ഗോപി ചിത്രം രചിച്ചിരിക്കുന്നത്. അതിനിടക്ക് യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചൻ കൂടി രംഗത്തു വന്നതോടെ വിവാദം കൊഴുത്തു. ഏതായാലും സുരേഷ് ഗോപി ചിത്രത്തിനെതിരെ, കടുവയുടെ രചയിതാവ് ജിനു എബ്രഹാം ഹൈക്കോടതിയിൽ പകർപ്പവകാശ ലംഘനം ചൂണ്ടി കാണിച്ചു സമർപ്പിച്ച കേസിൽ അദ്ദേഹത്തിന് അനുകൂലമായി വിധി വന്നിരിക്കുകയാണ് ഇപ്പോൾ. സുരേഷ് ഗോപി ചിത്രത്തിന്റെ പ്രവർത്തനങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിക്കൊണ്ടാണ് ഇപ്പോൾ ഹൈക്കോടതി വിധി വന്നിരിക്കുന്നത്.

കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുകയും ജില്ലാ കോടതിയുടെ വിധി ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. ഇരുകൂട്ടരുടെയും വാദത്തിനു ശേഷം ജില്ലാക്കോടതിയുടെ വിധി പരിപൂർണമായും ശരിയാണെന്നും സുരേഷ് ഗോപി ചിത്രം നിര്‍ത്തിവയ്ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വിവാദങ്ങൾക്കു തിരശീല വീണതോടെ പൃഥ്വിരാജ് തന്നെയാവും കടുവാക്കുന്നേൽ കുറുവച്ചൻ ആയി തിരശീലയിൽ എത്തുക എന്നുറപ്പായി കഴിഞ്ഞു. സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിലാണ് ഇരുനൂറ്റമ്പതാം ചിത്രമെന്ന നിലയില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടത്. അതിനു ശേഷമാണു കടുവ ടീം കേസുമായി മുന്നോട്ടു പോയത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് കടുവ നിർമ്മിക്കാൻ പോകുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close