
ഒരു കാലഘട്ടത്തിൽ മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായിരുന്നു കൃഷ്ണൻ നായർ എന്ന ജയൻ. യുവാക്കളുടെ രോമാഞ്ചമായിരുന്ന അദ്ദേഹം മലയാളത്തിലെ ആദ്യത്തെ ആക്ഷൻ സൂപ്പർസ്റ്റാർ ആയിരുന്നു എന്ന് തന്നെ പറയാം. സൗന്ദര്യം കൊണ്ടും സാഹസികമായ സംഘട്ടന രംഗങ്ങൾ ചെയ്യുന്നതിലെ മികവ് കൊണ്ടും ജയൻ മലയാള സിനിമയുടെ താര സിംഹാസനത്തിലെത്തി. എന്നാൽ സാഹസികമായ സംഘട്ടനങ്ങളോടുള്ള ആവേശം തന്നെ അദ്ദേഹത്തിന്റെ ദാരുണമായ മരണത്തിനും കാരണമായി. സംഘട്ടന രംഗങ്ങൾ ചെയ്യുമ്പോൾ ഒരിക്കലും ഡ്യൂപ്പ് ഉപയോഗിക്കാത്ത അദ്ദേഹം 1980 ഇൽ കോളിളക്കം എന്ന ചിത്രത്തിന് വേണ്ടി ഹെലികോപ്റ്ററിൽ തൂങ്ങി കിടന്നുള്ള ഒരു രംഗം അഭിനയിക്കവെയാണ് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെടുന്നത്. മലയാള സിനിമക്കും മലയാള സിനിമാ പ്രേമികൾക്കും തീരാദുഃഖം സമ്മാനിച്ചു കൊണ്ടാണ് ആ പ്രതിഭ കാലയവനികക്കുള്ളിൽ മറഞ്ഞത്.

ഇന്നും വലിയ ആരാധക വൃന്ദമുള്ള ജയൻ ജീവിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി മാറിയേനെ എന്നാണ് സിനിമാ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ പ്രശസ്ത കലാകാരനായ സേതു ശിവാനന്ദൻ വരച്ച ജയന്റെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇപ്പോൾ ജയൻ ജീവിച്ചിരുന്നെങ്കിൽ ഉള്ള അദ്ദേഹത്തിന്റെ ലുക്ക് ആണ് സേതു ശിവാനന്ദൻ എന്ന ഈ കലാകാരന്റെ ഭാവനയിലൂടെ നമ്മുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഇതിനു മുൻപ് മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ഗംഭീര ലുക്കുകൾ നമ്മുടെ മുന്നിൽ എത്തിച്ചിട്ടുള്ള വ്യക്തിയാണ് സേതു ശിവാനന്ദൻ. ജയൻ മരിച്ചിട്ട് നീണ്ട മുപ്പതു വർഷങ്ങൾ കടന്നു പോയെങ്കിലും ഇന്നും ആ പ്രതിഭ മരണമില്ലാതെ മലയാളികളുടെ മനസ്സിൽ ജീവിക്കുന്നു എന്നതിന് തെളിവാണ് ഇപ്പോൾ സേതു വരച്ച ഈ ചിത്രത്തിന് ലഭിക്കുന്ന ആവേശകരമായ സ്വീകരണം.