പ്രൊഫസർ ഡിങ്കന്റെ പേരിൽ 6 കോടി തട്ടിപ്പു; മുഖ്യമന്ത്രിക്ക് പരാതി നൽകി റാഫേൽ..!

Advertisement

ജനപ്രിയ നായകൻ ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായി ഷൂട്ടിംഗ് ആരംഭിച്ച ചിത്രമാണ് പ്രൊഫസർ ഡിങ്കൻ. റാഫിയുടെ രചനയിൽ പ്രശസ്ത ക്യാമെറാമാനായിരുന്ന രാമചന്ദ്ര ബാബു സംവിധാനം ചെയ്തു തുടങ്ങിയ ഈ ചിത്രം ത്രീഡി ഫോര്മാറ്റിലാണു ഒരുക്കാനാരംഭിച്ചതു. എന്നാൽ രാമചന്ദ്ര ബാബു അപ്രതീക്ഷിതമായി അന്തരിച്ചതോടെയും ചിത്രത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂളുകൾ പല തവണ മാറി പോയതോടെയും ഈ ചിത്രം ഇതുവരെ പൂർത്തിയാവാത്ത അവസ്ഥയിലാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പേരിൽ ആറു കോടി രൂപയുടെ തട്ടിപ്പു നടന്നതായി കാണിച്ചു കേരളാ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് റാഫേൽ പി തോമസ് എന്ന ഇരിങ്ങാലക്കുടക്കാരനായ പ്രവാസി വ്യവസായി. ഈ ചിത്രത്തിന്റെ നിർമ്മാതാവായ സനൽ കുമാറിന് എതിരെയാണ് പരാതി പോയിരിക്കുന്നത്.

അദ്ദേഹം മുഖ്യമന്ത്രിക്ക് അയച്ചിരിക്കുന്ന പരാതി പ്രകാരം പ്രൊഫസർ ഡിങ്കൻ ചിത്രത്തിന്റെ നിർമ്മാതാവ് തിരുവനന്തപുരം സ്വദേശിയായ സനൽ തോട്ടം, ആദ്യം അഞ്ചു കോടി രൂപയോളം ഈ ചിത്രത്തിന്റെ പേരിൽ അദ്ദേഹത്തിൽ നിന്ന് തട്ടിച്ച ശേഷം ഇപ്പോൾ വധ ഭീഷണിയും തുടങ്ങിയിരിക്കുകയാണ് എന്നാണ്. ചിത്രം പൂർത്തിയാക്കാൻ പോലും ശ്രമിക്കാതെ പാതി പൂർത്തിയായ ചിത്രത്തിന്റെ ഭാഗങ്ങൾ കാണിച്ചു ഇപ്പോഴും സനൽ തോട്ടം പലരിൽ നിന്നുമായി കാശ് തട്ടുകയാണെന്നും റാഫേൽ ആരോപിക്കുന്നു. നിലവിലെ കരാർ പ്രകാരം സിനിമയുടെ നിർമ്മാണം മുന്നോട്ടു പോവാത്ത സാഹചര്യം ഉണ്ടായതു കൊണ്ട് സിനിമയുടെ പൂർണ്ണമായ അവകാശം തനിക്കു ആണെന്നും എന്നാൽ അതുപോലും അനുവദിച്ചു തരാൻ സനൽ തയ്യാറാവുന്നില്ലായെന്നും റാഫേൽ കൂട്ടിച്ചേർത്തു. സ്വയം കുടുംബത്തോടൊപ്പം തീ കൊളുത്തി മരിക്കുമെന്ന് പറയുന്നതിനൊപ്പം താൻ നാട്ടിൽ വന്നാൽ തന്നെ ഗുണ്ടകളെ കൊണ്ട് കൊലപ്പെടുത്തുമെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തുകയാണ് സനൽ തോട്ടമെന്നും, ഇതിനെതിരെ വേണ്ട നടപടികൾ സ്വീകരിക്കണമെന്നുമാണ് റാഫേൽ മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്നത്. പൂർണ്ണമായും ത്രീഡി ടെക്‌നോളജി ഉപയോഗിച്ചു ഒരുക്കുന്ന പ്രൊഫസർ ഡിങ്കനിൽ നമിത പ്രമോദ് ആണ് ദിലീപിന്റെ നായിക ആയി അഭിനയിച്ചത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close