ടിനു പാപ്പച്ചന്റെ സംവിധാന മികവിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം സ്വാതന്ത്രം അർദ്ധരാത്രിയിൽ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ചിത്രം ഈസ്റ്റർ ചിത്രങ്ങളിൽ മുന്നിട്ടു നിൽക്കുകയാണ്. ചിത്രത്തിലെ കഥാപാത്രങ്ങളായി എത്തിയ ഏവരുടെയും പ്രകടനം തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല് എന്ന് പറയാം. നായകനായ ആന്റണി വർഗ്ഗീസും സഹ താരങ്ങളായ വിനായകനും ചെമ്പൻ വിനോദുമെല്ലാം കയ്യടി നേടിയ ചിത്രത്തിൽ ചെറിയ ചില വേഷങ്ങളിലൂടെ എത്തി കയ്യടി നേടിയ കലാകാരന്മാരുമുണ്ട്. ചിത്രത്തിനെ ഇത്രയേറെ ആസ്വാദ്യകരമാക്കി മാറ്റിയതിൽ ഇവരുടെയും പങ്ക് വളരെ വലുതാണ്. അങ്കമാലി ഡയറീസിലൂടെ അരങ്ങേറിയ കുറച്ചു താരങ്ങൾ ഈ ചിത്രത്തിലുമുണ്ട് അതിൽ എടുത്തു പറയേണ്ടവയാണ് ഷിനോജ്, ടിറ്റോ വിത്സൺ, ബീറ്റോ ഡേവിസ് എന്നിവർ.
അങ്കമാലി ഡയറീസിലെ കുഞ്ഞൂട്ടി എന്ന വേഷത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ഷിനോജ് ചിത്രത്തിൽ ഗിരിജൻ എന്ന കഥാപത്രമായി എത്തുന്നു. യു ക്ലാംബ് രാജനായി അങ്കമാലി ഡയറീസിലൂടെ അരങ്ങേറിയ ടിറ്റോ വിത്സനും തടവുകാരനായി തന്റെ കഥാപാത്രം മികച്ചതാക്കിയിട്ടുണ്ട്. പ്രധാന താരങ്ങളോളം സീനുകൾ ഇല്ലെങ്കിലും തങ്ങൾ എത്തുന്ന ഓരോ രംഗങ്ങളിലും ഇവർ മികച്ച പ്രകടനം കൊണ്ട് കയ്യടി നേടുന്നു. പൂർണ്ണമായും ജയിൽ പശ്ചാത്തലമാക്കിയൊരുക്കിയ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ദിലീപ് കുര്യനാണ്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, സോളോ, കലി തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ കൈകാര്യം ചെയ്തിട്ടുള്ള ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംവിധായകനായ ബി. ഉണ്ണികൃഷ്ണൻ വിതരണത്തിനെത്തിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് ബി. സി. ജോഷിയാണ്. ഈസ്റ്റർ റിലീസായി എത്തിയ ചിത്രം വളരെ മികച്ച അഭിപ്രായവുമായി ഈസ്റ്റർ റിലീസുകളിൽ മുന്നേറുകയാണ്.