സിനിമ ടിക്കറ്റു നിരക്ക് കൂടില്ല; സർക്കാർ നടപടിക്കു ഹൈക്കോടതിയുടെ സ്റ്റേ..!

Advertisement

കഴിഞ്ഞ കേരളാ സംസ്‌ഥാന ബജറ്റിൽ ആണ് സിനിമാ ടിക്കറ്റിനു മേൽ സർക്കാർ അധിക നികുതി ചുമത്തിയത്. അതോടു കൂടി കേരളത്തിലെ തീയേറ്ററുകളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ഉള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ സർക്കാർ നടപടി ഇപ്പോൾ ഹൈക്കോടതി സ്റ്റേ ചെയ്തതോടെ ഉടനെ സിനിമാ ടിക്കറ്റു നിരക്ക് വർദ്ധനവ് ഉണ്ടാവില്ല എന്നുറപ്പായി. കേരള ഫിലിം ചേംബര്‍, തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഇപ്പോൾ ഈ സ്റ്റേ നൽകിയിരിക്കുന്നത്. സിനിമ ടിക്കറ്റിനു വിനോദ നികുതി ഒഴിവാക്കി കൊണ്ടുവന്ന ജിഎസ്ടിയ്ക്കു മേല്‍ വീണ്ടും 10% വിനോദ നികുതി കൂടി കൂട്ടിയാണ് കേരളാ ധനമന്ത്രി ആയ തോമസ് ഐസക് ബജറ്റിൽ അവതരിപ്പിച്ചത്.

നിലവിലുള്ള രീതി അനുസരിച്ചു 100 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് 12%, 100 രൂപയ്ക്ക് മുകളില്‍ 18% എന്നിങ്ങനെയാണ് ടാക്‌സ് ചുമത്തിയിരുന്നത്. എന്നാൽ സർക്കാർ അധികമായി 10 % ടാക്സ് വർധിപ്പിച്ചതോടെ 10% അധിക വിനോദ നികുതിയും 1% പ്രളയ സെസും വരുമെന്ന് മാത്രമല്ല, ടിക്കറ്റുകള്‍ക്കു 11% വില വര്‍ധിക്കുകയും ചെയ്യും. നിലവില്‍ സിനിമ വ്യവസായം വലിയ പ്രതിസന്ധി നേരിടുകയാണെന്നും അധിക നികുതി കൂടി വന്നാല്‍ തിയറ്ററിലെത്തുന്ന പ്രേക്ഷകരുടെ എണ്ണം ഇനിയും ഒരുപാട് കുറയും എന്നും ഉള്ള ആശങ്കകൾ പങ്കു വെച്ച് കൊണ്ട് സിനിമാ സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കാണുകയും ചെയ്തിരുന്നു. അമ്മ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെ വിവിധ സിനിമാ സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെ കാണുകയും, അപ്പോൾ അവരുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കും എന്നു മുഖ്യമന്ത്രി ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ആ ഉറപ്പു പ്രായോഗിക തലത്തിൽ എത്താതെ ഇരുന്നതോടെ സംഘടനകൾ നിയമപരമായി മുന്നോട്ടു പോവുകയായിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close