5 മാസത്തിനു ശേഷം രാജ്യത്തെ സിനിമാ തീയേറ്ററുകൾ തുറക്കുന്നു; കൂടുതൽ വിവരങ്ങളിതാ..!

Advertisement

ലോകമെങ്ങും പടർന്നു പിടിച്ച കോവിഡ് 19 രോഗം ഇന്ത്യയിലും വേര് പിടിച്ചു തുടങ്ങിയതോടെ, ഈ കഴിഞ്ഞ മാർച്ച് മാസത്തിലാണ് ഇന്ത്യയിലെ തീയേറ്ററുകൾ മുഴുവനായി അടച്ചത്. സിനിമാ നിർമ്മാണ പ്രവർത്തനങ്ങളും പൂർണമായും നിർത്തിയതോടെ ആ മാസം തന്നെ സിനിമാ ലോകം നിശ്ചലമായി. അതിനു ശേഷം ജൂണ് മാസത്തിൽ ആണ് സർക്കാർ നിബന്ധനകൾ അനുസരിച്ചു മുടങ്ങി പോയ ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചത്. അൻപതിൽ താഴെ ആളുകളെ ഉൾപ്പെടുത്തി ചില ചിത്രങ്ങളുടെ ഷൂട്ടിങ്ങും ആരംഭിച്ചിരുന്നു. അപ്പോഴും തീയേറ്ററുകൾ തുറക്കാനുള്ള അനുമതി ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ നീണ്ട അഞ്ചു മാസങ്ങൾക്ക് ശേഷം, ഓഗസ്റ്റ് മാസം മുതൽ തീയേറ്ററുകൾ തുറക്കാനുള്ള അനുമതി നല്കിയേക്കുമെന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്. ജൂലൈ 31 നു ശേഷം ജിമ്മുകൾ, തീയേറ്ററുകൾ, അന്താരാഷ്ട്ര വിമാന സർവീസുകൾ എന്നിവ നിയന്ത്രണങ്ങളോടെ പ്രവർത്തനമാരംഭിക്കുമെന്നാണ് സൂചന.

കോവിഡ് 19 പരിശോധന ഫലം നെഗറ്റീവ് ആയവരെയായിരിക്കും വിമാനത്താവളത്തിലേയ്ക്ക് പ്രവേശിപ്പിക്കുക എന്നും അതുപോലെ സിനിമാ തീയേറ്ററുകളുടെ കാര്യത്തിൽ, മുതിർന്നവരെയും കുട്ടികളെയും സിനിമാ തിയേറ്ററിലേയ്ക്കു പ്രവേശിപ്പിക്കില്ല എന്നും തീരുമാനം വരാൻ സാധ്യത എന്നറിയുന്നു. 15നു വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കുമാത്രമായിരിക്കും അനുമതി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രത്യേക സംഘങ്ങൾക്കും, അതുപോലെ ഓരോ കുടുംബത്തിനും വ്യക്തികൾക്കുമായി സിനിമാ തിയേറ്ററിലെ സീറ്റുകൾ ക്രമീകരിക്കാനും നിർദേശം വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിശ്ചിത അകലം പാലിച്ചായിരിക്കും ഇത് ക്രമീകരിക്കപ്പെടുക. മലയാളത്തിൽ ഇതിനോടകം ഏതാനും ചിത്രങ്ങളുടെ ഷൂട്ടിംഗ് ആരംഭിക്കുകയും ദൃശ്യം 2 ഉൾപ്പെടെയുള്ള ചിത്രങ്ങൾ അടുത്ത മാസം ആരംഭിക്കാനിരിക്കുകയും ചെയ്യുകയാണ്. ഇത് കൂടാതെ മുപ്പതിലധികം ചെറുതും വലുതുമായ ചിത്രങ്ങൾ റിലീസ് കാത്തിരിക്കുകയുമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close