ജോജു ജോർജ് പ്രകടിപ്പിച്ചത് നാടിൻറെ വികാരം; അഭിനന്ദനവുമായി മുഖ്യമന്ത്രിയുടെ വാക്കുകൾ..!

Advertisement

കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട അറുപത്തിയാറാമതു ദേശീയ ചലച്ചിത്ര അവാർഡിൽ മലയാളത്തിന് അഭിമാനമായതു ജോജു ജോർജും അന്തരിച്ച എം ജെ രാധാകൃഷ്ണനും പിന്നെ നടി സാവിത്രി ശ്രീധരനും ആണ്. ജോജു ജോർജിനും സാവിത്രി ശ്രീധരനും ജൂറിയുടെ പ്രത്യേക പരാമർശം ആണ് ലഭിച്ചത്. ജോസെഫ് എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിനാണ് ജോജുവിന്‌ പ്രത്യേക പരാമർശം ലഭിച്ചത്. എന്നാൽ അംഗീകാരം ലഭിച്ചതിനു തന്നെ അഭിനന്ദിച്ചവരോട് ഇപ്പോഴുള്ള സമയം നമ്മുടെ നാടിനു വേണ്ടിയും പ്രളയ ദുരിതത്തിൽ പെട്ടവരെ രക്ഷിക്കുന്നതിന് വേണ്ടിയും ഉപയോഗിക്കാൻ ആണ് ജോജു ജോർജ് പറഞ്ഞത്. ആ വാക്കുകളെ അഭിനന്ദിച്ചു കൊണ്ട് ഇന്ന് രംഗത്ത് വന്നിരിക്കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രി ആയ പിണറായി വിജയൻ ആണ്. അതോടൊപ്പം അവാർഡ് ജേതാക്കളെ എല്ലാവരേയും അദ്ദേഹം അഭിനന്ദിച്ചു.

ശ്രീ പിണറായി വിജയൻറെ ഫേസ്ബുക് പോസ്റ്റ് ഇപ്രകാരമാണ്, “ജോസഫി”ലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമർശം നേടിയ ചലച്ചിത്ര നടൻ ജോജു ജോർജിന്റെ പ്രതികരണം നാടിനോടുള്ള പ്രതിബദ്ധതയുടെയും സ്നേഹവായ്‌പിന്റെയും പ്രതീകമാണ്. അദ്ദേഹത്തെ അഭിനന്ദിച്ചവരോട്, “അഭിനന്ദനങ്ങൾക്കു നന്ദി. നമ്മുടെ നാട് വലിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് എനിക്ക് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഞാൻ വീട്ടിലില്ല. വീടെത്താൻ കഴിഞ്ഞിട്ടില്ല. ബാംഗ്ലൂരാണ് ഇപ്പോഴുള്ളത്. എയർപോർട്ട് അടച്ചതുകൊണ്ട് ഇവിടെ പെട്ടുപോയി. നിരവധിപേരുടെ അഭിനന്ദന സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. എല്ലാവർക്കും നന്ദി. നമ്മുടെ നാട് ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നത്തെ പരസ്പര സഹകരണത്തോടെ പരിഹരിക്കാൻ ശ്രമിക്കാം” എന്നാണു പ്രതികരിച്ചത്. ജീവിതത്തിലെ വലിയൊരു അംഗീകാരം നേടിയപ്പോൾ ജോജു നാടിന്റെ അവസ്ഥയെക്കുറിച്ചാണ് ആശങ്ക പ്രകടിപ്പിക്കുന്നത്. കേരളത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും വികാരമാണ് അത്. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ അഭിന്ദനാർഹമായ നേട്ടങ്ങളാണ് ഇത്തവണ മലയാളികൾ കരസ്ഥമാക്കിയത്. ജോജു ജോർജിനു പുറമെ തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് കീർത്തി സുരേഷ് മികച്ച നടിയായി. സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് നടി സാവിത്രിക്കു ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. ക്യാമറാമാൻ എം.ജെ. രാധാകൃഷ്ണനു മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ലഭിക്കുന്നത് മരണാന്തര ബഹുമതിയായാണ്. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ചിത്രത്തിലെ ദൃശ്യമികവിനാണ് ഈ പുരസ്കാരം. കമ്മാരസംഭവത്തിന് മികച്ച പ്രൊഡക്‌ഷൻ ഡിസൈനിനുള്ള പുരസ്കാരം ലഭിച്ചു. വിനീഷ് ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈൻ നിർവഹിച്ചത്. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം നേടി. പുരസ്‌കാര ജേതാക്കളെ അഭിനന്ദിക്കുന്നു. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ ജോജുവിനെ പോലുള്ള നല്ല മനസ്സുകളുടെ സഹായവും പങ്കാളിത്തവും ഉണ്ടാകുമെന്ന പ്രതീക്ഷ നമുക്ക് പകരുന്ന ഊർജം വലുതാണ്”.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close