മരക്കാർ റിലീസ്; നേരിട്ടിടപെട്ടതു മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി പോളിറ്റ് ബ്യുറോ അംഗങ്ങളും..!

Advertisement

മരക്കാര്‍ അറബിക്കലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ മോഹൻലാൽ ചിത്രം ഒടുവിൽ തീയേറ്ററിൽ റിലീസ് ചെയ്യാൻ തന്നെ തീരുമാനം ആയി. ഡിസംബർ രണ്ടിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ലോകം മുഴുവൻ രണ്ടായിരം സ്‌ക്രീനുകളിൽ ആണ് എത്തുക. പ്രിയദർശൻ സംവിധാനം ചെയ്തു ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം നേരത്തെ ആമസോൺ പ്രൈം റിലീസ് ആയി എത്തും എന്നായിരുന്നു വിവരം. തീയേറ്റർ സംഘടനയായ ഫിയോകിന്റെ കടുംപിടിത്തം മൂലമാണ് അത് സംഭവിച്ചത്. എന്നാൽ കേരളത്തിന്റെ സിനിമാ ചരിത്രത്തിൽ ആദ്യമായി സർക്കാരും മുഖ്യമന്ത്രിയും അടക്കം ഇടപെട്ടു കൊണ്ടാണ് മരക്കാരിനെ തീയേറ്ററുകളിൽ എത്തിക്കാനുള്ള തീരുമാനം എടുത്തത്. മരക്കാര്‍ തീയേറ്ററില്‍ തന്നെ നല്‍കിയില്ലെങ്കില്‍ അത് സര്‍ക്കാറിന് നഷ്ടമാകുമെന്ന് മുഖ്യമന്ത്രി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനോട് ഇന്ന് രാവിലെ പറയുകയായിരുന്നു. അതിനു ശേഷമാണു തീയേറ്റർ റിലീസ് ചെയ്യാൻ ഉള്ള തീരുമാനം എടുത്തത്.

നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധി ജി സുരേഷ്‌കുമാര്‍, തിയറ്റര്‍ ഉടമകളുടെ സംഘടന ഫയോക് പ്രസിഡന്റ് വിജയകുമാര്‍ എന്നിവരുമായി മന്ത്രി സജി ചെറിയാനും ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണും പിന്നീട് ചർച്ചയും നടത്തി. സിപിഎം പോളിറ്റ് ബ്യുറോ അംഗങ്ങൾ വരെ ഈ വിഷയത്തിൽ ഇടപെടുകയും ചെയ്തെന്നാണ് വാർത്തകൾ വരുന്നത്. അവസാനം മന്ത്രി സജി ചെറിയാൻ തന്നെയാണ് ഈ വിവരം പ്രഖ്യാപിച്ചത്. ഇത് പ്രഖ്യാപിച്ചു കൊണ്ട് മന്ത്രി കുറിച്ച വാക്കുകൾ ഇങ്ങനെ, മോഹൻലാൽ ചിത്രമായ മരക്കാർ തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും. ബന്ധപ്പെട്ട എല്ലാവരേയും ഉൾപ്പെടുത്തി ഇന്ന് എന്റെ ഓഫീസിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ഡിസംബർ 2 ന് സിനിമ, തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഇക്കാര്യത്തിൽ വലിയ വിട്ടുവീഴ്ചയാണ് നിർമാതാവായ ശ്രീ ആന്റണി പെരുമ്പാവൂരിന്റെ ഭാഗത്ത് നിന്നുണ്ടായത്. അദ്ദേഹത്തെ അഭിനന്ദിക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close