ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ മ യൗ എന്ന ചിത്രം വീണ്ടും അംഗീകാരങ്ങൾ നേടുകയാണ്. ടാൻസാനിയ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ലോക സിനിമാ വിഭാഗത്തിൽ മത്സരിച്ചു മൂന്നു അവാർഡുകൾ ആണ് ഈ ചിത്രം നേടിയെടുത്തത്. മികച്ച നടനുള്ള അവാർഡ് ചെമ്പൻ വിനോദ് നേടിയപ്പോൾ മികച്ച തിരക്കഥക്കുള്ള അവാർഡ് പി എഫ് മാത്യൂസും മികച്ച സംവിധായകനുള്ള അവാർഡ് ലിജോ ജോസ് പെല്ലിശ്ശേരിയും നേടിയെടുത്തു. മികച്ച നടനുള്ള അവാർഡ് രണ്ടു പേരാണ് നേടിയത്. പദ്മാവതി എന്ന ചിത്രത്തിലെ പ്രകടനത്തിന് രൺവീർ സിങ് ആണ് ചെമ്പൻ വിനോദിനൊപ്പം മികച്ച നടനുള്ള അവാർഡ് പങ്കു വെച്ചത്. ഇറാനിയൻ ചിത്രമായ ഗോൾനേസക്കു ഒപ്പമാണ് മികച്ച തിരക്കഥക്കും സംവിധായകനുമുള്ള അവാർഡ് പി എഫ് മാത്യൂസും ലിജോ ജോസ് പെല്ലിശ്ശേരിയും പങ്കു വെച്ചത്.
ഗോവയിൽ നടന്ന ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും തിരുവനന്തപുരത്തു നടന്ന കേരളാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഈ മാ യൗ പുരസ്‍കാരങ്ങൾ നേടിയെടുത്തിരുന്നു. അതോടൊപ്പം കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഈ ചിത്രം നേടിയിട്ടുണ്ട്. മികച്ച സംവിധായകൻ, മികച്ച സഹനടി, മികച്ച സൗണ്ട് ഡിസൈൻ എന്നീ വിഭാഗങ്ങളിൽ ആയാണ് ഈ ചിത്രം കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയെടുത്തത്. ഗോവൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും മികച്ച നടൻ ആയതു ഈ മാ യൗവിലെ പ്രകടനത്തിന് ചെമ്പൻ വിനോദ് ആണ്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, വിനായകൻ എന്നിവർ അഭിനയിച്ച ജെല്ലിക്കെട്ട് എന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത റിലീസ് ആയി എത്താൻ പോകുന്നത്.