മലയാളസിനിമയിലെ എക്കാലത്തെയും വലിയ ക്ലാസ്സിക്കുകളിൽ ഒന്നാണ് രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ. തകഴിയുടെ ക്ലാസിക് രചനയെ അടിസ്ഥാനമാക്കി നിർമ്മിച്ച ഈ ചിത്രത്തിലെ നിത്യഹരിത കഥാപാത്രങ്ങളാണ് മധു അവതരിപ്പിച്ച പരീക്കുട്ടിയും ഷീല അവതരിപ്പിച്ച കറുത്തമ്മയും. ഈ രണ്ടു കഥാപാത്രങ്ങളിലൂടെ ഈ നടീ നടൻമാർ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി മാറിയെന്നു മാത്രമല്ല മലയാളികൾ ഒരിക്കലും മറക്കാത്ത താര ജോഡിയും ആയി മാറി. ഈ താര ജോഡികൾ ഒരിക്കൽ കൂടി ഒന്നിച്ചു വരികയാണ് പ്രേക്ഷകരുടെ മുന്നിലേക്ക്. അനീഷ് അൻവർ സംവിധാനം ചെയ്ത ബഷീറിന്റെ പ്രേമ ലേഖനം എന്ന ചിത്രത്തിലൂടെയാണ് ഈ നിത്യഹരിത താര ജോഡി വീണ്ടും വെള്ളിത്തിരയിൽ എത്തുന്നത്.
ഫഹദ് ഫാസിലിന്റെ സഹോദരനായ ഫർഹാൻ ഫാസിലാണ് ബഷീറിന്റെ പ്രേമലേഖനത്തിലെ നായക വേഷം അവതരിപ്പിക്കുന്നത്. രാജീവ് രവി ചിത്രം ഞാൻ സ്റ്റീവ് ലോപ്പസിന് ശേഷം ഫർഹാൻ നായകനാകുന്ന സിനിമയാണിത്.
വളരെ പ്രാധാന്യമുള്ള രണ്ടു കഥാപാത്രങ്ങളെയാണ് മധുവും ഷീലയും ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 1980 കളിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. നവാഗതരായ ഷിനോദ്, ഷംസീർ, ബിപിൻ എന്നിവർ ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫോർട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ പി എം ഹാരിസ്, വി എസ് മുഹമ്മദ് അൽത്താഫ് എന്നിവർ ചേർന്നാണ്.
വിക്രമാദിത്യൻ, മറിയം മുക്ക് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സന അൽത്താഫ് ആണ് ഈ ചിത്രത്തിലെ നായികാ വേഷത്തിൽ എത്തുന്നത്. മറിയം മുക്ക് എന്ന ജെയിംസ് ആൽബർട്ട് ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായിക ആയി എത്തിയ സന ഇപ്പോൾ ഫഹദിന്റെ അനിയൻ ഫർഹാന്റെ നായികയായി എത്തുന്നത് വളരെ കൗതുകം ഉണർത്തുന്ന ഒരു കാര്യമാണ്.
ജൂലൈ 21 നു പ്രദർശനത്തിന് എത്തുമെന്ന് കരുതപ്പെടുന്ന ഈ ചിത്രം അനീഷ് അൻവറിന്റെ നാലാമത്തെ ചിത്രമാണ്. ഇതിനു മുൻപ് മുല്ലമൊട്ടും മുന്തിരി ചാറും, സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം എന്നീ ചിത്രങ്ങളാണ് അനീഷ് അൻവർ സംവിധാനം ചെയ്തിരിക്കുന്നത്.
വിഷ്ണു മോഹൻ സിത്താരയാണ് ബഷീറിന്റെ പ്രേമ ലേഖനം എന്ന ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് . സഞ്ജയ് ഹാരിസ് ദൃശ്യങ്ങൾ നൽകിയപ്പോൾ രഞ്ജിത് ടച്ച്റിവർ ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ ആയി ജോലി ചെയ്തിരിക്കുന്നത്.
മലയാള സിനിമയിലെ ഒട്ടനവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമായിട്ടുണ്ട്. ചിത്രത്തിന്റെ ട്രൈലെർ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.