ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ നായകനാവുന്ന ആദി എന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. നിറഞ്ഞ ചിരിയോടെ വായുവിൽ ചാടി നിൽക്കുന്ന പ്രണവിന്റെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ പുറത്തു വന്നിരിക്കുന്നത്.
ആക്ഷൻ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ പ്രണവിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി പാർക്കർ പരിശീലനം നേടിയ പ്രണവ് ഗംഭീര പ്രകടനം ആണ് നടത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇനി ഏതാനും ദിവസത്തെ ചിത്രീകരണം മാത്രം ബാക്കിയുള്ള ആദി അടുത്ത വർഷം ജനുവരിയിലോ അല്ലെങ്കിൽ മാർച്ച് മാസത്തിലോ തീയേറ്ററുകളിൽ എത്തുമെന്നാണ് സൂചനകൾ ലഭിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് അനിൽ ജോൺസൻ ആണ്. പ്രണവിനൊപ്പം സിദ്ദിഖ്, ജഗപതി ബാബു, സിജു വിൽസൺ, ഷറഫുദീൻ, അനുശ്രീ, അദിതി രവി എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. വിദേശത്തു നിന്നുള്ള സ്റ്റണ്ട് മാസ്റ്റേഴ്സ് ആണ് ഈ ചിത്രത്തിന് വേണ്ടി പ്രണവിനായി ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. അയൂബ് ഖാൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. സന്തോഷ് വർമക്കു ഒപ്പം ഈ ചിത്രത്തിന് വേണ്ടി പ്രണവ് മോഹൻലാൽ വരികളും എഴുതിയിട്ടുണ്ട്. ബാലതാരം ആയി അഭിനയിച്ചു മികച്ച ബാലനടനുള്ള സംസ്ഥാന അവാർഡ് നേടിയ ആളാണ് പ്രണവ് മോഹൻലാൽ.