സി ഐ ഡി മൂസ എന്ന സൂപ്പർ ഹിറ്റ് ദിലീപ് ചിത്രമൊരുക്കി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ജോണി ആന്റണി. അതിനു ശേഷം ഒട്ടേറെ രസകരമായ ചിത്രങ്ങൾ അദ്ദേഹം നമ്മുടെ മുന്നിൽ എത്തിച്ചു. കൊച്ചീ രാജാവും തുറുപ്പു ഗുലാനും സൈക്കിളും എല്ലാം അതിൽപ്പെടുന്നവയാണ്. എന്നാൽ ഇപ്പോൾ ഒരു ഗംഭീര ഹാസ്യ നടനായാണ് ജോണി ആന്റണി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്നത്. രണ്ടു വർഷം മുൻപ് റിലീസ് ചെയ്ത ശിക്കാരി ശംഭു എന്ന കുഞ്ചാക്കോ ബോബൻ- സുഗീത് ചിത്രത്തിലൂടെ നടനായി അരങ്ങേറ്റം കുറിച്ച ജോണി ആന്റണി പറയുന്നത് മോഹൻലാൽ നായകനായ രഞ്ജിത് ചിത്രമായ ഡ്രാമയിലെ അഭിനയമാണ് തനിക്കു മുന്നോട്ടു പോകാനുള്ള ആത്മവിശ്വാസം പകർന്നു നൽകിയത് എന്നാണ്. കാരണം ആ ചിത്രം കണ്ടു തന്റെ അഭിനയം കൊള്ളാമെന്നു പറഞ്ഞത് മോഹൻലാൽ, മമ്മൂട്ടി, രഞ്ജിത്ത് എന്നിവരാണ് എന്നും അതിലും വലിയ അഭിനന്ദനം തനിക്കിനി കിട്ടാനില്ല എന്നുമാണ് ജോണി ആന്റണി പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “ഡ്രാമയുടെ ഷൂട്ടിംഗ് ലണ്ടനിൽ നടക്കുമ്പോൾ നാട്ടിൽ നിന്നു വിളിക്കുന്നവരോട് രഞ്ജിയേട്ടൻ എന്നെ പറ്റി വളരെ പോസിറ്റീവായി സംസാരിക്കുന്നതു കേട്ടിരുന്നു. രഞ്ജിയേട്ടനെ പോലെ ഒരാൾ വെറുതെങ്ങനെ പറയില്ലല്ലോ. അതൊരു പ്രതീക്ഷയായിരുന്നു. ഡബ്ബിങ് സമയത്തു എന്റെ സീനുകൾ കണ്ടു ലാലേട്ടനും നല്ല അഭിപ്രായം പറഞ്ഞതായി കേട്ടു. ഫൈനൽ സർട്ടിഫിക്കറ്റ് തന്നത് പക്ഷെ മമ്മുക്കയാണ്. ഡ്രാമ കണ്ടിട്ട് കീറിമുറിച്ചു അഭിപ്രായം പറഞ്ഞു. ധൈര്യമായി മുന്നോട്ടു പോകാം എന്ന് പറഞ്ഞു തോളത്തൊരു തട്ടും. ഈ മൂന്നു യൂണിവേഴ്സിറ്റികൾ തന്ന മാർക്ക് ഷീറ്റുകളാണ് എന്റെ ആത്മവിശ്വാസം”.
അതിനു ശേഷം തട്ടിന്പുറത്തു അച്യുതൻ, ജോസഫ്, ഇട്ടിമാണി മേഡ് ഇൻ ചൈന, ഗാനഗന്ധർവൻ, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിലും ജോണി ആന്റണി അഭിനയിച്ചു. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന സുരേഷ് ഗോപി ചിത്രമായ വരനെ ആവശ്യമുണ്ടിൽ ബോസ് എന്ന ഡോക്ടർ കഥാപാത്രമായി ഗംഭീര പ്രകടനമാണ് ജോണി ആന്റണി കാഴ്ച വെച്ചിരിക്കുന്നത്. പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചു കൊണ്ടാണ് ഈ ചിത്രത്തിൽ ജോണി ആന്റണി മുന്നേറുന്നത്. ഏതായാലും ഇനിയും കൂടുതൽ രസകരമായ വേഷങ്ങളിൽ ഈ നടനെ നമ്മുക്ക് കാണാൻ സാധിക്കും. കാരണം നടനെന്ന നിലയിൽ ഇപ്പോൾ ഏറെ തിരക്കിലാണ് ജോണി ആന്റണി എന്ന സംവിധായകൻ.