ജെല്ലിക്കെട്ട്: ഇത്തവണ ഓസ്‌കർ കിട്ടാൻ സാധ്യതയേറെയെന്ന് ഇന്ത്യൻ സിനിമയിലെ പ്രമുഖർ

Advertisement

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് 93-ാമത് ഓസ്കർ അവാർഡിന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. നിരവധി പ്രമുഖരാണ് ചിത്രത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്. ജെല്ലിക്കെട്ടിലൂടെ ഇത്തവണ ഓസ്കർ ഇന്ത്യയിലെത്താൻ സാധ്യതയുണ്ടെന്നാണ് തമിഴ് സംവിധായകൻ സെൽവരാഘവന്റെ പ്രതികരണം. വ്യക്തിപരമായി ഏറെ ആസ്വദിച്ച സിനിമയാണ് ജെല്ലിക്കെട്ടെന്നും ചിത്രം ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഓസ്കറിലെത്തുന്നത് സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. അതേസമയം ബോളിവുഡിലെ സിനിമാ മാഫിയയ്ക്കെതിരേ വിമർശനവുമായാണ് കങ്കണ റണാവത്ത് രംഗത്തെത്തിയത്. ബുള്ളിദാവൂദ് (ബോളിവുഡ്) മാഫിയയ്ക്കെതിരേ നടത്തിയ വിമർശനങ്ങളും വിചാരണകളും ഒടുവിൽ ഫലം നൽകിയിരിക്കുന്നു. ഇന്ത്യൻ സിനിമയെന്നാൽ വെറും നാലു സിനിമാ കുടുംബങ്ങളല്ല. സിനിമാ മാഫിയക്കൂട്ടം സ്വന്തം വീടുകളിൽ ഒളിച്ചിരിക്കുന്നതിനാൽ ജൂറിക്ക് അവരുടെ ജോലി കൃത്യമായി ചെയ്യാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ ടീം ജെല്ലിക്കെട്ട് എന്നാണ് താരം പ്രതികരിച്ചത്.

ജെല്ലിക്കെട്ട് വീണ്ടും കണ്ടെന്നും, ഓസ്കർ എൻട്രിക്കായി ഇതിലും മികച്ച ഒരു ചിത്രത്തെ തെരഞ്ഞെടുക്കാനാകില്ലെന്നുമാണ് സ്റ്റാന്റപ്പ് കൊമേഡിയൻ കുനാൽ കമ്ര വ്യക്തമാക്കിയത്. മികച്ച സിനിമകൾ നിർമ്മിക്കാനുള്ള പാതയിലേക്ക് ഇതൊരു തുടക്കമാണെന്നും അദ്ദേഹം പറയുകയുണ്ടായി. മമ്മൂട്ടി, പൃഥ്വിരാജ്, നിവിൻ പോളി, ഇഷ തൽവാർ, മഞ്ജു വാര്യർ, സിമ്രാൻ എന്നിങ്ങനെ നിരവധി പേരാണ് ചിത്രത്തിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. ചിത്രത്തിന്റെ ഭാഗമാവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ജെല്ലിക്കെട്ടിന്റെ നിർമ്മാതാവ് തോമസ് പണിക്കര്‍ പ്രതികരിച്ചു. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചപ്പോൾ മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ഓസ്കറിന് തിരഞ്ഞെടുക്കപ്പെടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ശ്രമിച്ചുനോക്കാം എന്നേ ഉണ്ടായിരുന്നുള്ളൂ. ഈ ഒരു നേട്ടത്തിന് ജൂറിയോടും പ്രേക്ഷകരോടും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisement

ഗുലാബോ സിതാബോ, ചിപ്പ, ചലാങ്, ഡിസൈപ്പിൾ, ശകുന്തള ദേവി, ഗുഞ്ചൻ സക്‌സേന, ശിക്കാര, ബിറ്റർ സ്വീറ്റ്, ദ സ്കൈ ഈസ് പിങ്ക് തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോനും ഓസ്കർ നാമനിർദേശത്തിനായി സമർപ്പിച്ച 27 ചിത്രങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നു. ഇതിൽ നിന്നാണ് ജെല്ലിക്കെട്ടിനെ പരിഗണിച്ചത്. ഓസ്കർ എൻട്രി കിട്ടുന്ന മൂന്നാമത്തെ മലയാള സിനിമയാണ് ജല്ലിക്കെട്ട്. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഗുരു ആണ് മലയാളത്തില്‍നിന്നും ആദ്യമായി ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ചിത്രം. അതിന് ശേഷം 2011 – ല്‍ സലിം കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി, സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിനും ഇന്ത്യയിൽ നിന്ന് ഓസ്കർ എൻ‌ട്രി ലഭിച്ചു. ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ, ലണ്ടൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പടെയുള്ള നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട ജെല്ലിക്കെട്ട് രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകളടക്കം നേടിയിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close