ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാര്‍ബണ്‍’. മംമ്താ മോഹന്‍ദാസാണ് നായിക. വാഗമണ്ണിലുമായാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. കാട്ടിലൂടെയുള്ള ഒരു യാത്രയെക്കുറിച്ച് സൂചനകൾ നൽകുന്ന ട്രെയിലറും സോങ് മേക്കിങ് വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. ഒരേ സമയം സസ്പെന്‍സും കോമഡിയും നിറഞ്ഞ് നില്‍ക്കുന്ന രീതിയിലാണ് ട്രെയിലർ പുറത്തിറക്കിയത്. ഏറെ വ്യത്യസ്തത പുലർത്തി പുറത്തിറക്കിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഇരുപതു വർഷങ്ങൾക്ക് മുൻപേ ഇറങ്ങിയ മഞ്ജു വാര്യർ ചിത്രം ദയയും മൂന്നു വർഷം മുൻപേ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മുന്നറിയിപ്പുമാണ് വേണു സംവിധാനം ചെയ്‌ത സിനിമകൾ. ഇതിൽ നിന്നും വ്യത്യസ്തമായി ഒരു കൊമേര്‍ഷ്യല്‍ ചിത്രമായിരിക്കും കാര്‍ബണ്‍ എന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് സിബി തോട്ടുപുറം മുൻപ് വ്യക്തമാക്കിയിരുന്നു.
ബോളിവുഡ് ചിത്രങ്ങളിൽ ഛായാഗ്രഹണം ചെയ്‌തിട്ടുള്ള കെ യു മോഹനനാണ് ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്. ബോളിവുഡ് സംഗീത സംവിധായകനുമായ വിശാൽ ഭരദ്വാജ് ഏറെ നാളുകൾക്ക് ശേഷം മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
വേണു സംവിധാനം ചെയ്ത ദയ എന്ന ചിത്രത്തിലാണ് വിശാല്‍ ഭരദ്വാജ് അവസാനമായി സംഗീതം നൽകിയത്. സൗബിന്‍ ഷാഹിര്‍, വിജയരാഘവന്‍, ദിലീഷ് പോത്തന്‍, ഷറഫുദീൻ,മണികണ്ഠന്‍, എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
അതേസമയം ഫഹദ് ഫാസിലിന്റെ തമിഴകത്തേക്കുള്ള അരങ്ങേറ്റ ചിത്രമായ ‘വേലൈക്കാരൻ’ തിയറ്ററുകളിൽ മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ്. തനി ഒരുവന്‍ ഒരുക്കിയ മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ശിവകാർത്തികേയനാണ് നായകൻ. നയൻതാരയാണ് നായിക. ആദി എന്ന കഥാപാത്രത്തെയാണ് ഫഹദ് ഇതിൽ അവതരിപ്പിക്കുന്നത്.