കഴിഞ്ഞ വർഷം ആദ്യമാണ് വേണു സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം കാർബൺ റിലീസ് ചെയ്തത്. വേണു തന്നെ തിരക്കഥയും എഴുതിയ ഈ ചിത്രം പോയട്രി ഫിലിമ്സിന്റെ ബാനറിൽ സിബി തോട്ടുപുറവും നാവിസ് സേവ്യറും കൂടിയാണ് നിർമ്മിച്ചത്. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയെടുത്ത ഈ ചിത്രമാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര അവാർഡിൽ ഏറ്റവും കൂടുതൽ നേട്ടം കൊയ്ത മലയാള ചിത്രം. ആറു അവാർഡുകൾ ആണ് ഈ ചിത്രത്തിൽ പ്രവർത്തിച്ചവരെ തേടിയെത്തിയത്. അതോടൊപ്പം ഇതിലെ മികച്ച പ്രകടനത്തിന് ഫഹദ് ഫാസിൽ മികച്ച നടനുള്ള മത്സരത്തിന് അവസാനം വരെ ഉണ്ടാവുകയും ചെയ്തു.
കാർബണ് വേണ്ടി ഗംഭീര ദൃശ്യങ്ങൾ ഒരുക്കിയ കെ യു മോഹനൻ മികച്ച ക്യാമെറാമാനുള്ള അവാർഡ് നേടിയപ്പോൾ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് നേടിയത് ഈ ചിത്രത്തിന് വേണ്ടി മനോഹരമായ ഗാനങ്ങൾ ഒരുക്കിയ വിശാൽ ഭരദ്വാജ് ആണ്. മികച്ച സൗണ്ട് റെക്കോർഡിസ്റ്റിനുള്ള അവാർഡ് നേടിയ അനിൽ രാധാകൃഷ്ണൻ, മികച്ച സൗണ്ട് മിക്സിങ്ങിനു ഉള്ള അവാർഡ് നേടിയ സിനോയ് ജോസെഫ്, മികച്ച സൗണ്ട് ഡിസൈനിനുള്ള അവാർഡ് നേടിയ ജയദേവൻ എന്നിവരും ഈ ചിത്രത്തിനായി പുരസ്‍കാരം നേടിയപ്പോൾ കാർബണിന്റെ പ്രോസസ്സിങ്ങും കളറിങ്ങും നടത്തിയ പ്രൈം ഫോക്കസ് ലാബും അവാർഡ് നേടി. മമത മോഹൻദാസ് നായികാ വേഷത്തിൽ എത്തിയ ഈ ചിത്രം എഡിറ്റ് ചെയ്തത് ബീന പോൾ ആണ്. ദയ, മുന്നറിയിപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേണു സംവിധാനം ചെയ്ത ചിത്രമാണ് കാർബൺ.