വേണു സംവിധാനം ചെയ്ത കാർബൺ എന്ന ചിത്രം ഇപ്പോൾ കേരളത്തിന് അകത്തും പുറത്തും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഗംഭീര പ്രേക്ഷക പ്രതികരണവും അതോടൊപ്പം നിരൂപക പ്രശംസയും നേടിയ ഈ ചിത്രം വേണുവിനും അതുപോലെ തന്റെ വിസ്മയിപ്പിക്കുന്ന പ്രകടനത്തോടെ ഈ ചിത്രത്തിന്റെ ആത്മാവായി മാറിയ ഫഹദ് ഫാസിലിനും ഒരുപാട് അഭിനന്ദനങ്ങൾ ആണ് നേടി കൊടുക്കുന്നത്. ഇപ്പോഴിതാ കേരളത്തിന് പുറത്തുള്ള അന്യ ഭാഷ പ്രേക്ഷകരും ഫഹദിനെയും ഈ ചിത്രത്തെയും പ്രശംസ കൊണ്ട് മൂടുകയാണ്. വിസ്മയിപ്പിക്കുന്ന അഭിനയ പാടവം കൊണ്ട് ഫഹദ് ഞെട്ടിച്ചു കളഞ്ഞു എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് കേരളത്തിന് പുറത്തുള്ള പ്രേക്ഷകർ ഈ ചിത്രത്തെ കുറിച്ചും ഇതിലെ ഫഹദിന്റെ പ്രകടനത്തെ കുറിച്ചുമുള്ള തങ്ങളുടെ വിലയിരുത്തലുകളും അഭിനന്ദനങ്ങളും പങ്കു വെക്കുന്നത്.
കേരളത്തിന് പുറത്തു തമിഴ് നാട്, കർണാടക, ആന്ധ്ര, അഹമ്മദാബാദ്, പുണെ, ലക്‌നൗ എന്നിവിടങ്ങളിൽ ഒക്കെ റിലീസ് ചെയ്ത കാർബൺ കേരളത്തിന് പുറത്തു മാത്രം നൂറ്റി മുപ്പതോളം സ്‌ക്രീനുകളിൽ ആണ് എത്തിയത്. ആദ്യ ദിനം മുതൽ തന്നെ ഗംഭീര റിവ്യൂസ് പുറത്തു വന്നപ്പോൾ കൂടുതൽ കൂടുതൽ പ്രേക്ഷകർ ചിത്രം കാണാൻ ഒഴുകിയെത്തുകയും ചെയ്തു. കാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു റിയലിസ്റ്റിക് ത്രില്ലർ ആണീ ചിത്രം. വേണു തന്നെ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ മമത മോഹൻദാസ് ആണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്.
ഒരുപാട് അർത്ഥ തലങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും അഭിനന്ദിക്കപ്പെടുന്നതിനൊപ്പം തന്നെ ഈ ചിത്രത്തിന്റെ സാങ്കേതിക പൂർണ്ണതക്കും പ്രേക്ഷകരുടെ കയ്യടി ലഭിക്കുന്നുണ്ട്. ബോളിവുഡ് ക്യാമറാമാൻ ആയ കെ യു മോഹനൻ ഒരുക്കിയ ദൃശ്യങ്ങളും ബോളിവുഡ് സംവിധായകൻ വിശാൽ ഭരദ്വാജ് ഒരുക്കിയ ഗാനങ്ങളും കാർബൺ എന്നയീ ചിത്രത്തെ ഒരുപാട് മികച്ചതാക്കിയിട്ടുണ്ട്. സിബി എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ തലമുറയിലെ മറ്റുള്ളവരെക്കാൾ അഭിനയ മികവിന്റെ കാര്യത്തിൽ താൻ ഏറെ മുന്നിൽ ആണെന്ന് ഫഹദ് ഒരിക്കൽ കൂടി കാണിച്ചു തന്ന ചിത്രമാണ് കാർബൺ എന്ന് പറയാം.