ഫഹദ് ഫാസിൽ ചിത്രം കാർബൺ പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ തൃപ്തിപ്പെടുത്തി കൊണ്ട് മുന്നേറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഗംഭീര റിവ്യൂസ് വരുന്നതിനൊപ്പം തന്നെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഒരു ചർച്ചയായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ ഓരോ രംഗങ്ങളും ഒളിപ്പിച്ചു വെച്ചിരിക്കുന്ന പല പല അർത്ഥ തലങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനൊപ്പം തന്നെ കാർബൺ പറയുന്ന കഥയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും ഫഹദ് ഫാസിലിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനത്തെ കുറിച്ചുമെല്ലാം ചർച്ച ചെയ്യുകയാണ് പ്രേക്ഷകർ ഇപ്പോൾ. യുവാക്കളും കുടുംബ പ്രേക്ഷകരുമെല്ലാം ഒരുപോലെ ഏറ്റെടുക്കുന്നു ചിത്രത്തെ എന്നാണ് തിയേറ്റർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെറുമൊരു വിനോദ ചിത്രം എന്നതിലുപരി ഒരു ക്ലാസ് റിയലിസ്റ്റിക് ത്രില്ലർ എന്ന നിലയിൽ കൂടി ശ്രദ്ധ നേടുകയാണ് കാർബൺ.
ദയ, മുന്നറിയിപ്പ് എന്നീ നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾ ഒരുക്കിയ വേണു ഇത്തവണയും ആഴമുള്ള ഒരു കഥ പറയുന്ന ചിത്രം തന്നെയാണ് നമ്മുക്ക് സമ്മാനിച്ചത്. പുതുമയും വ്യത്യസ്തതയും വാക്കിൽ മാത്രം ഒതുക്കാതെ ചിത്രത്തിലെ ഓരോ കഥാ സന്ദര്ഭങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും നമ്മുക്ക് കാണിച്ചു തരികയാണ് ഈ ചിത്രം. ഓരോ ദൃശ്യ ഖണ്ഡങ്ങളിലും നമ്മളെ ചിന്തിപ്പിക്കുന്ന, മനസ്സിനെ തൊടുന്ന എന്തെങ്കിലും കൊണ്ട് വരാനും സ്പൂൺ ഫീഡ് ചെയ്യാതെ പ്രേക്ഷകനെ ചിന്തിക്കാൻ പ്രേരിപ്പിക്കുമ്പോൾ തന്നെ വളരെ രസകരമായി കഥ പറയാനും വേണുവിന് കഴിഞ്ഞിട്ടുണ്ട്. കാട്ടിലേക്ക് നിധി തേടി പോകുന്ന ഫഹദിന്റെ സിബിയെ പോലെ കാർബണിലെ നിധി തേടുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സിനിമാ പ്രേമികൾ. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചാ വിഷയമായി മാറും ഈ ചിത്രം എന്നുറപ്പാണ്.