കണ്ണൂരിൽ റിലീസ് ചെയ്ത പ്രിന്റുകളിൽ മോഹൻലാലും മമ്മൂട്ടിയും അല്ല പിണറായി വിജയൻ; രസകരമായ സംഭവം തുറന്നു പറഞ്ഞു പ്രശസ്ത ഛായാഗ്രാഹകൻ..!

Advertisement

മോഹൻലാൽ- മമ്മൂട്ടി എന്നിവരെ നായകന്മാരാക്കി 1998 ഇൽ ഫാസിൽ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ഹരികൃഷ്ണൻസ്. ജൂഹി ചൗള ആദ്യമായി മലയാളത്തിൽ അഭിനയിച്ച ഈ ചിത്രത്തിൽ ഹരികൃഷ്ണൻ എന്ന ഒരേ പേരുള്ള രണ്ടു വക്കീലന്മാർ ആയാണ് മോഹൻലാൽ, മമ്മൂട്ടി എന്നിവർ അഭിനയിച്ചത്. മോഹൻലാൽ തന്നെ നിർമ്മിച്ച ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുള്ള ഒരു വലിയ താരനിര ഉണ്ടായിരുന്നു. ഇപ്പോഴിതാ ആ ചിത്രത്തിന്റെ ക്യാമെറാമാനായി കുറച്ചു ദിവസം ജോലി ചെയ്ത വേണു ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു ഉണ്ടായ രസകരമായ ഒരു പ്രശ്‌നത്തെ കുറിച്ചും അതുപോലെ ആ പ്രശ്നം പരിഹരിച്ചു ചിത്രം റിലീസ് ആയ ശേഷം, പ്രശസ്ത സംവിധായകൻ പവിത്രൻ അതിനെ കുറിച്ച് നടത്തിയ രസകരമായ ഒരു പരാമർശത്തെ കുറിച്ചും തുറന്നു സംസാരിക്കുകയാണ്. ആനന്ദക്കുട്ടൻ ആയിരുന്നു ഈ ചിത്രത്തിന്റെ ക്യാമറാമാൻ എങ്കിലും വേണുവും കുറച്ചു ദിവസം ഇതിൽ ഛായാഗ്രാഹകൻ ആയി ജോലി ചെയ്തിട്ടുണ്ട്. രണ്ട് സൂപ്പര്‍ താരങ്ങളെ തന്റെ സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍ രണ്ടു പേര്‍ക്കും ഒരേ പ്രധാന്യം എല്ലാ കാര്യത്തിലും ഉണ്ടായിരിക്കണം എന്ന് ഫാസിലിന് നിർബന്ധം ആയിരുന്നു. സംഭാഷണത്തിലും ഫ്രെയ്മിലെ സ്ഥാനത്തിലും വേഷത്തിലും എല്ലാം തുല്യ നീതി പുലർത്താൻ ശ്രമിച്ച അദ്ദേഹം അതിൽ വിജയിക്കുകയും ചെയ്തു.

പക്ഷേ പടം ക്ലൈമാക്‌സില്‍ എത്തിയപ്പോള്‍ പ്രശ്‌നം ഗുരുതരമായി മാറി. നായകന്മാര്‍ക്ക് എല്ലാം തുല്യമായി പകുത്തു നല്‍കുന്ന രീതി നായികയുടെ കാര്യത്തില്‍ സാധ്യമല്ല എന്നതായിരുന്നു പ്രശ്നം. അങ്ങനെയാണ് മലയാളത്തിലെ ആദ്യത്തെ ഇരട്ട ക്ലൈമാക്സ് ഉള്ള ചിത്രമായി ഹരികൃഷ്ണൻസ് മാറിയത്. മോഹന്‍ലാലിന് കൂടുതല്‍ സ്വാധീനമുണ്ടെന്ന് കരുതപ്പെട്ടിരുന്ന തിരുവിതാംകൂര്‍ മേഖലയില്‍ റിലീസ് ചെയ്ത പ്രിന്റുകളില്‍ നായികാഭാഗ്യം മോഹന്‍ലാലിന്, മമ്മൂട്ടിക്ക് കൂടുതല്‍ സ്വാധീനമുണ്ടെന്ന് കരുതപ്പെട്ടിരുന്ന മലബാര്‍ മേഖലയില്‍ നായികാഭാഗ്യം മമ്മൂട്ടിക്ക് എന്ന രീതിയിൽ ആണ് ആ രണ്ടു ക്‌ളൈമാക്‌സുകൾ ചിത്രീകരിച്ചത്. പടം റിലീസായ ശേഷം ഒരു ചെറിയ സദസ്സില്‍ മുമ്പ് കേട്ടുകേള്‍വി പോലും ഇല്ലാത്ത ഈ പുതിയ പരീക്ഷണത്തെക്കുറിച്ച് സംസാരം ഉണ്ടായി എന്നും അതിൽ സംവിധായകൻ പവിത്രനും ഉണ്ടായി എന്നും വേണു പറയുന്നു. അവിടെ വെച്ച് ഇതിനെ കുറിച്ച് പവിത്രൻ നടത്തിയ പരാമർശം ഇങ്ങനെ, തിരുവിതാംകൂറില്‍ മോഹന്‍ലാല്‍, കൊച്ചി മുതല്‍ മലപ്പുറം, കോഴിക്കോട് വരെ മമ്മൂട്ടി, അത് ശരിയാണ്. പക്ഷേ അവിടുന്ന് വീണ്ടും വടക്കോട്ട് പോയാല്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊന്നുമല്ല ക്ലൈമാക്‌സില്‍ വരുന്നത്. കണ്ണൂരില്‍ റിലീസ് ചെയ്ത പ്രിന്റുകളില്‍ നായികയെ ഒടുവില്‍ കല്യാണം കഴിക്കുന്നത് ഇവരാരുമല്ല, അത് പിണറായി വിജയനാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close