1998 ഇൽ റിലീസ് ചെയ്ത മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് മലയാളത്തിന്റെ സ്വന്തം സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചു അഭിനയിച്ച ഹരികൃഷ്ണൻസ്. ബോളിവുഡ് താരസുന്ദരി ജൂഹി ചൗള നായികാ വേഷത്തിൽ എത്തിയ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഫാസിൽ ആണ്. മോഹൻലാൽ തന്നെയാണ് ഈ ചിത്രം നിർമ്മിച്ചതും. ആനന്ദക്കുട്ടൻ ആയിരുന്നു ഇതിനു ഛായാഗ്രഹണം നിർവഹിച്ചത് എങ്കിലും, ഈ ചിത്രത്തിന്റെ കൊടൈക്കനാൽ ഷെഡ്യൂളിൽ രണ്ടു ദിവസം ക്യാമറ ചലിപ്പിച്ചത് പ്രശസ്ത ക്യാമെറാമാനായ വേണു ആണ്. അന്ന് അവിടെ വെച്ച് മോഹൻലാലുമായി നടത്തിയ ഒരു സംഭാഷണത്തിൽ അദ്ദേഹം മമ്മൂട്ടിയേയും മകൻ ദുൽഖർ സൽമാനെയും കുറിച്ച് പറഞ്ഞ വാക്കുകൾ വേണു കുറിക്കുകയാണ്. അന്ന് ഷൂട്ടിങ് കാണാൻ ആയി അവിടെ കുഞ്ഞു ദുൽഖറും എത്തിയിരുന്നു.
വേണു അന്ന് ഉണ്ടായ ആ സംഭവത്തെ കുറിച്ച് പറയുന്ന വാക്കുകൾ ഇപ്രകാരം, എത്ര വൈകി ഉറങ്ങിയാലും നേരത്തെ എഴുന്നേല്‍ക്കുന്ന ശീലക്കാരനാണ് ലാല്‍. എന്നാല്‍ മമ്മൂട്ടിക്ക് അങ്ങനെയൊരു പതിവ് തീരെയില്ല. ഒരു ദിവസം രാവിലെ ഉണര്‍ന്നു പുറത്തിറങ്ങിയപ്പോള്‍ ഒറ്റക്ക് തണുപ്പും ആസ്വദിച്ച് നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് കണ്ടത്. ലാലും ഞാനും വെറുതേ അതുമിതും പറഞ്ഞു നിന്നു. പെട്ടെന്ന് ലാല്‍ ഒരു വശത്തേക്ക് നോക്കി ഒയ്യോ, അതുകണ്ടോ എന്നു പറഞ്ഞു. ഞാന്‍ നോക്കിയപ്പോള്‍ കണ്ടത്, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് വിശ്വസിക്കാന്‍ കുറച്ച് ബുദ്ധിമുട്ടുള്ള ഒരു കാഴ്ചയാണ്. ദൂരെ പ്രഭാതത്തിന്റെ ആദ്യ വെളിച്ചത്തില്‍ മരങ്ങള്‍ക്കിടയിലെ ഇളംമഞ്ഞിലൂടെ, ഗൗരവത്തില്‍ മമ്മൂട്ടി നടന്നുവരുന്നു; കുടെ കുഞ്ഞു ദുല്‍ഖര്‍ സല്‍മാനും. അകലെക്കണ്ട മലനിരകള്‍ ചൂണ്ടിക്കാട്ടി മമ്മൂട്ടി മകന് എന്തോ പറഞ്ഞു കൊടുക്കുന്നു. വാപ്പച്ചി പറയുന്നത് ശ്രദ്ധിച്ചുകേട്ട് ദുല്‍ഖര്‍ സല്‍മാനും നടക്കുന്നു. മോഹന്‍ലാല്‍ കൈ കൊണ്ട് ഒരു സിനിമാഫ്രെയിം ഉണ്ടാക്കി അച്ഛനെയും മകനെയും അതിനുള്ളില്‍ കംപോസ് ചെയ്ത് ആ കാഴ്ച ഒന്നാസ്വദിച്ചിട്ട് എന്നോട് ചോദിച്ചു – അണ്ണാച്ചി ലയണ്‍ കിങ് സിനിമ കണ്ടായിരുന്നോ എന്ന്. ആ സിനിമ നേരത്തേ കണ്ടതാണെന്ന് ഞാനും പറഞ്ഞു.