പതിനാറാം നൂറ്റാണ്ടിൽ നടക്കുന്ന കഥയുമായി ഭ്രമയുഗം; മനസ്സ് തുറന്ന് മമ്മൂട്ടി

Advertisement

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ കാതൽ മികച്ച രീതിയിൽ സ്വീകരിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച്, ജിയോ ബേബി സംവിധാനം ചെയ്ത ഈ ഫാമിലി ഡ്രാമ പ്രേക്ഷകരും നിരൂപകരും ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്.ഒരു നടനെന്ന നിലയിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് മമ്മൂട്ടി കടന്നു പോകുന്നത്. അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളും പ്രേക്ഷകർക്ക് വലിയ ആവേശവും പ്രതീക്ഷയും സമ്മാനിക്കുന്നുണ്ട്. ഇപ്പോഴിതാ, കാതൽ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ ഒരു മാധ്യമ സംവാദത്തിൽ മമ്മൂട്ടി തന്റെ പുത്തൻ ചിത്രങ്ങളെ കുറിച്ച് നടത്തിയ പരാമർശങ്ങളാണ് ശ്രദ്ധ നേടുന്നത്. രാഹുൽ സദാശിവൻ ഒരുക്കുന്ന ഭ്രമയുഗം, ഡീനോ ഡെന്നിസ് ഒരുക്കുന്ന ബസൂക എന്നിവയാണ് മമ്മൂട്ടിയുടെ ഇനിയുള്ള റിലീസുകൾ.

അതിൽ തന്നെ ബസൂക ഒരു കൊമേർഷ്യൽ തമിഴ് സിനിമ മൂഡിൽ ഒരുക്കുന്ന ചിത്രമാണെങ്കിലും അതിന്റെ കഥാഖ്യാന ശൈലി വ്യത്യസ്തമായതുകൊണ്ടാണ് താനത് ചെയ്യാൻ തീരുമാനിച്ചതെന്ന് മമ്മൂട്ടി പറയുന്നു. ഭ്രമയുഗം എന്ന ചിത്രം 16ആം നൂറ്റാണ്ടിൽ നടക്കുന്ന ഒരു കഥയാണ് പറയുന്നത് എന്നും അത് തന്നെയാണ് അതിന്റെ ആകർഷണ ഘടകങ്ങളിലൊന്ന് എന്നും അദ്ദേഹം സൂചിപ്പിച്ചു. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ എന്നിവരും വേഷമിടുന്ന ഈ ചിത്രം സംവിധാനം ചെയ്തത് ഭൂതകാലത്തിലൂടെ കയ്യടി നേടിയ രാഹുൽ സദാശിവനാണ്. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് പ്ലാൻ ചെയ്യുന്നുണ്ട്. ഒരുപാട് വർഷം മുൻപത്തെ ഒരു പ്രേതകഥ പറയുന്ന ഈ ചിത്രത്തിൽ നാഗങ്ങൾക്കൊപ്പം ജീവിക്കുന്ന ഒരു ദുർമന്ത്രവാദിയായാണ് മമ്മൂട്ടി വേഷമിടുന്നതെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close