മലയാളത്തിന്റെ യുവതാരമായ ദുൽഖർ സൽമാൻ ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ ചുപ്: റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റിന്റെ പ്രമോഷന്റെ തിരക്കിലാണ്. ദുൽഖർ നായകനായി എത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ചുപ്: റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ്. സൂപ്പർ ഹിറ്റ് സംവിധായകൻ ആർ ബാൽകി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത് കുറച്ചു ദിവസങ്ങൾക്കു മുൻപ് പുറത്തു വന്ന ഇതിന്റെ ട്രൈലെർ വമ്പൻ പ്രേക്ഷക പ്രശംസയാണ് നേടിയെടുത്തത്. ഇപ്പോഴിതാ ബോളിവുഡിൽ വലിയ തോതിൽ ഉയരുന്ന ബോയ്‌കോട്ട് കാമ്പയിനുകളെ കുറിച്ച് തന്റെ കാഴ്ചപ്പാട് വ്യക്തമാകുകയാണ് ദുൽഖർ സൽമാൻ. വമ്പൻ ബോളിവുഡ് ചിത്രങ്ങളായ ലാൽ സിംഗ് ഛദ്ദ, രക്ഷാബന്ധൻ, ഡാർലിംഗ്സ തുടങ്ങിയവ ഇത്തരം ബഹിഷ്ക്കരണ ക്യാംപെയ്നുകൾക്ക് ഇരയാകേണ്ടി വന്ന സാഹചര്യത്തിലാണ് ദുൽഖർ സൽമാന്റെ ഈ പ്രതികരണം.
ഇന്നത്തെ കാലത്ത് ബഹിഷ്‌കരണ സംസ്കാരം അതിരു വിടുന്നതിന് കാരണം സോഷ്യൽ മീഡിയ ആണെന്നാണ് ദുൽഖർ പറയുന്നത്. ഒരു ഉത്തരവാദിത്തവുമില്ലാതെ ആർക്കും എന്തും എഴുതാവുന്ന തരത്തിലാണ് സോഷ്യൽ മീഡിയ പ്രവർത്തിക്കുന്നതെന്നും ദുൽഖർ സൽമാൻ പറയുന്നു. എന്നാൽ താനുൾപ്പെടുന്ന തെന്നിന്ത്യൻ സിനിമയിൽ ഇത്തരത്തിലുള്ള ബോയ്‌കോട്ട് സംസ്കാരമില്ലെന്നും, ഇതെല്ലാം ബോളിവുഡിൽ സംഭവിക്കുമ്പോഴാണ് ഇവിടുത്തെ ആളുകൾ അറിയുന്നതെന്നും ദുൽഖർ സൽമാൻ വെളിപ്പെടുത്തി. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ തുടങ്ങിയ ഗംഭീര ചിത്രങ്ങൾക്ക് ശേഷം ആർ ബാൽകി ഒരുക്കിയ ചുപ് എന്ന എന്ന ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം ബോളിവുഡ് താരം സണ്ണി ഡിയോളും പ്രധാന വേഷം ചെയ്യുന്നുണ്ട്. ഈ വരുന്ന സെപ്റ്റംബർ 23 നാണ് ചുപ് റിലീസ് ചെയ്യുക.